1
ആറാട്ട് ചിറ

പള്ളിക്കൽ : നമ്മുടെ ജനപ്രതിനിധികൾ ഒന്ന് മനസുവെച്ചിരുന്നെങ്കിൽ പള്ളിക്കൽ ആറാട്ട് ചിറയെ എന്നേ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താമായിരുന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് എട്ട് ഏക്കറിലധികം വരുന്നതാണ് ആറാട്ട് ചിറ.വാമൊഴി ചരിത്രങ്ങൾ ഏറെയുണ്ട് ആറാട്ട് ചിറക്ക്. പ്രകൃതി രമണിയമായ സ്ഥലത്ത് ഏഴേക്കറിലധികം വരുന്ന സ്ഥലത്ത് പള്ളിക്കൽ ഒന്നാം വാർഡിലാണ് ആറാട്ട് ചിറ.ഇവിടെ ആലപ്പുഴ ജില്ലയുമായി അതിർത്തി പങ്കിടുന്നു. ഈ ചിറയുടെ വശങ്ങളിൽ തണലും തണുപ്പുമേകി നൂറ്റാണ്ടുകൾ പഴക്കമുള്ള കാവുകൾ. ഒരു ഭാഗത്ത് വിശാലമായ മൈതാനവും ആൽത്തറയും. നീന്തൽ പരിശീലന കേന്ദ്രം, വാട്ടർ സ്റ്റേഡിയം,ബോട്ട് സർവീസ്, മൂന്ന് വശങ്ങളിൽ ക്വാർട്ടേഴ്സുകളും കൺവെൻഷൻ സെന്ററും,പൂന്തോട്ടം തുടങ്ങി നിരവധി പദ്ധതികളായിരുന്നു ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വിഭാവനം ചെയ്തത്.എല്ലാം കടലാസിൽ ഒതുങ്ങിയതല്ലാതെ ഒന്നും നടന്നില്ല. വലിയ തോതിൽ പ്രാദേശിക സാമ്പത്തികവികസന ഉറപ്പ് വരുത്തുന്ന, വലിയ വികസന സാദ്ധ്യതകൾ ഈ ചിറക്കുണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ ജനപ്രതിനിധികൾ ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താതിരിക്കുന്നതെന്ന് അറിയില്ല. ഹൈദരാബാദ് സിറ്റിയിൽ അഞ്ചേക്കർ സ്ഥലത്ത് ക്രിത്രിമമായി വാട്ടർ സ്റ്റേഡിയം നിർമ്മിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മാതൃക ആറാട്ട് ചിറയിൽ നടപ്പിലാക്കാനും ആലോചനയുണ്ടായി. ഇതിനായി അഞ്ച് വർഷം മുൻപ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ നിന്നും അന്നത്തെ ഓഫീസർ ഹരിലാൽ ആറാട്ട് ചിറ സന്ദർശിച്ച് പദ്ധതി തയാറാക്കായിരുന്നു. ഇതും പിന്നീട് കടലാസിലൊതുങ്ങി.

ഇനിയും പ്രതീക്ഷിക്കാമോ....?

ദേശീയ നീന്തൽ മത്സരം നടത്താൻ ആറാട്ട് ചിറയിൽ കഴിയുമെന്ന് വിദഗ്ദർ വിലയിരുത്തിയിരുന്നു. പഞ്ചായത്ത് മുൻ കൈയെടുത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചാൽ സാദ്ധ്യമാക്കാവുന്നതേയുള്ളു ആറാട്ട് ചിറയുടെ ടൂറിസം വികസനം. ചിറയുടെ സമീപത്തെ പുരാതനമായ കാവുകളിലെ ജൈവ വൈവിദ്ധ്യങ്ങളെ പഠനവിധേയമായി തിരിച്ചറിഞ്ഞ് പള്ളിക്കൽ പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ പരിപാലന കേട്ടമായി ആറാട്ട് ചിറയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതി ഇവിടെ ആരംഭിച്ചെങ്കിലും സംരക്ഷണമില്ലാതെ നശിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആറാട്ട് ചിറയുടെ വികസനം സാദ്ധ്യമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

-പള്ളിക്കലിലെ ഒന്നാം വാർഡിൽ ആറാട്ടു ചിറ

-ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വിഭാവനം ചെയ്തത് നിരവധി പദ്ധതികൾ