അടൂർ : കാട് വിട്ട് നാട്ടിലിറങ്ങുന്ന പന്നികൂട്ടങ്ങൾ കർഷകർക്കാണ് ഏറെ ഭീഷണി ഉയർത്തുന്നതെങ്കിലും ഇപ്പോൾ ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയായി മാറുന്നു. ചൊവ്വാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ ഇളമണ്ണൂർ 23 ജംഗ്ഷന് സമീപം കെ. പി റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും പരിക്കുകൾ കൂടാതെ രക്ഷപെട്ടു. ഇതേ സമയം സ്കൂട്ടറിൽ പോയ മറ്റൊരു പെൺകുട്ടിയും തലനാരിഴ്ക്കാണ് രക്ഷപെട്ടത്. ഇതേ സ്ഥലത്ത് ഒരുമാസത്തിനിടയും സമാനമായ അപകടം നടന്നു. കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നവ പൊടുന്നനേ റോഡിന് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുചക്രവാഹന യാത്രക്കാർ പന്നിയെ തട്ടി നിയന്ത്രണം വിട്ടുമറിയുന്നത്. തെരുവ് നായ്ക്കളേക്കാൾ അപകടകരികളായി പന്നിക്കൂട്ടം നാട്ടിലുടനീളം മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കൂടലിന് സമീപമുള്ള കാരയ്ക്കാക്കുഴി - ഇഞ്ചപ്പാറ റൂട്ടിൽ റോഡിന് കുറുകെ ചാടിയ പന്നിയെ ഇടിച്ച് മറിഞ്ഞ സ്കൂട്ടർ യാത്രികനായ യുവാവ് ഗുരുതര പരിക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ആശുപത്രിവിട്ട യുവാവ് ഇപ്പോഴും പൂർവസ്ഥിതിയിലെത്തിയില്ല. കൊടുമൺ, അങ്ങാടിക്കൽ പ്രദേശങ്ങളിലെ പ്ളാന്റേഷൻ മേഖലയിലെ സ്ഥിതിയും അതീവ ഗുരുതരമാണ്. നിരവധി സ്കൂട്ടർ യാത്രികർ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ തലനാരിഴ്യ്ക്കാണ് രക്ഷപെട്ടത്. ഓർക്കാപ്പുറത്ത് റോഡിന് കുറുകെ ചാടുന്ന പന്നികളെ തട്ടാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് ചെയ്യുന്നതും തട്ടിമറിയുന്നതുമാണ് അപകടങ്ങളിലേറെയും. ഇതിനും പുറമേയാണ് ആളുകളെ കുത്തി മുറിവേൽപ്പിക്കുന്ന സംഭവങ്ങളും. ഫലത്തിൽ നിയന്ത്രമില്ലാത്ത വിധം പെരുകിയ പന്നികൂട്ടങ്ങൾ നാട്ടിലിറങ്ങിയതോടെ മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണിപ്പോൾ.