banana

കോന്നി : കൊവിഡിന്റെ ദുരിതങ്ങൾക്കിടയിലും ആശ്വാസമാകുമെന്നു കരുതി നട്ടുവളർത്തിയ ഏത്തവാഴകൃഷി കർഷകർക്ക് കനത്ത നഷ്ടമാകുകയാണ്. ഭൂമിപാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും വന്യമൃഗങ്ങളോട് പോരടിച്ചും കൃഷി ചെയ്തവരെയാണ് വിലയിടിവ്

ബാധിച്ചിരിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കൃഷിക്കാരും വസ്തു പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഇതിനിടെ കാട്ടുപന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വേറെയും. മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.

25 രൂപ മാത്രം

25 രൂപയ്ക്ക് ഒരു കിലോ ഏത്തപഴം വഴിയോര കച്ചവടക്കാരിൽ നിന്ന് ഇപ്പോൾ ലഭിക്കും. നാല് കിലോയും അഞ്ച് കിലോയും വരെ നൂറുരൂപയ്ക്ക് നൽകുന്നു. കഷ്ടപ്പെട്ട് കൃഷി ചെയ്ത കർഷകരുടെ കൈകളിൽ കിട്ടുന്നത് കിലോഗ്രാമിന് പത്തോ പതിനഞ്ചോ രൂപ മാത്രം. കാർഷികോല്പന്നങ്ങൾക്ക് വിലത്തകർച്ചയുണ്ടാകുമ്പോൾ ഇടനിലക്കാർ ആരും അവരുടെ ലാഭത്തിൽ കുറവ് വരാൻ സമ്മതിക്കില്ല.

തകർന്നടിഞ്ഞ് വകയാർ വിപണി

ഏത്തക്കുലകളുടെയും വാഴവിത്തുകളുടെയും മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വിപണിയാണ് വകയാർ. ഓണം, ശബരിമല സീസണുകൾ ലക്ഷ്യമാക്കിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. സീസണിൽ മുമ്പ് 60 രൂപ വരെ വിലയ്ക്കാണ് ഏത്തപ്പഴം വി​റ്റിരുന്നത്. അപ്പോൾ കർഷകർക്ക് 40 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 മുതൽ 20 രൂപ വരെയാണ് പരമാവധി ലഭിക്കുന്നത്. മ​റ്റ് ജില്ലകളിൽ നിന്ന് ഉൾപ്പടെ വലിയ വാഹനങ്ങളിൽ വൻതോതിൽ പച്ച എത്തയ്ക്കയും, ഏത്തപ്പഴവും എത്തിച്ച് വഴിയോരങ്ങളിൽ വില്പന നടത്തുന്നതാണ് നാടൻ കായയ്ക്ക് വിലയിടിയാൻ കാരണം.

ഉപ്പേരിക്ക് വില കുറയില്ല

ഏത്തക്കുലയ്ക്ക് വില ഗണ്യമായി കുറഞ്ഞെങ്കിലും ഉപ്പേരി വിപണിയിൽ ഇപ്പോഴും വിലക്കുറവൊന്നും സംഭവിച്ചിട്ടില്ല. ഉപ്പേരിക്ക് 300 - 320 രൂപയും ശർക്കര പുരട്ടിയിക്ക് 400 രൂപയുമാണ് വില. ഉപ്പേരി വിപണിയിൽ വില്പന കുറഞ്ഞിട്ടുണ്ടെങ്കിലും വിലയിൽ കുറവ് വരുത്തിയിട്ടില്ല. കുറഞ്ഞ വിലയ്ക്ക് ഏത്തക്കുല വാങ്ങി വൻ തോതിൽ ഉപ്പേരിയുടെ കരുതൽ ശേഖരവും വ്യാപാരികൾ നടത്തുന്നുണ്ട്.