പത്തനംതിട്ട: അങ്കമാലി - ശബരി റെയിൽപാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെ മലയോര ജില്ലയിൽ റെയിൽ യാത്രയുടെ ചൂളംവിളി ഉയരുമെന്ന് ഉറപ്പായി. ശബരിമല തീർത്ഥാടകർക്ക് യാത്രാ സൗകര്യം എളുപ്പമാകും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വ്യാപാര മേഖലയ്ക്കും കുതിപ്പേക്കും. പദ്ധതിക്കു വേണ്ടി കിഫ്ബി മുഖേന പണം ലഭ്യമാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
1997- 98 ലെ റെയിൽവെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, ചെലവിന്റെ പകുതി ഏറ്റെടുക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനം സ്വീകരിക്കാതിരുന്നതും സ്ഥലം ഏറ്റെടുപ്പിനെതിരെ സമരങ്ങൾ നീണ്ടതും കാരണം പദ്ധതി നടപ്പാക്കാൻ റെയിൽവെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 2815 കോടി രൂപയായി ഉയർന്നു.
ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവെയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അങ്കമാലി - ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവെ മന്ത്രാലയം തന്നെ നിർവഹിക്കണം. പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു - സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവെയും 50:50 അനുപാതത്തിൽ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാൻ തീരുമാനിച്ചത്.
അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂർ വരെ ദീർഘിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ തമിഴ്നാട്ടിലേക്ക് നീട്ടാൻ കഴിയും. ഈ സാധ്യതയും സർക്കാർ കണക്കിലെടുത്തിട്ടുണ്ട്.
---------------