കോന്നി: ജനകീയ പ്രശ്‌നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പ്രമാടം പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ സംഘടിപ്പിച്ച ജനകീയസഭ പരിപാടിയിലാണ് നിരവധി ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. 203 അപേക്ഷകളാണ് ലഭിച്ചത്.
രക്ഷിതാക്കളില്ലാത്ത കുട്ടി വീടിനും വസ്തുവിനുമായി ജനകീയ സഭയിലെത്തി. അടുത്ത ദിവസം തന്നെ പരിഹാരമുണ്ടാക്കി നൽകുമെന്ന് എം.എൽ.എ പറഞ്ഞു. വീടും വസ്തുവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. അങ്കണവാടിക്ക് കെട്ടിടമാവശ്യപ്പെട്ട് എത്തിയവർക്ക് എം.എൽ.എ ഫണ്ടിൽ തിന്നും തുക അനുവദിച്ചു നലകി. പൊതു ശ്മശാനം എന്ന ആവശ്യവും ജനകീയ സഭയിൽ ഉയർന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ വർഷം തന്നെ പൊതു ശ്മശാനം നിർമ്മിക്കുമെന്ന് പ്രസിഡന്റ് എൻ.നവനീത് പറഞ്ഞു.
വാട്ടർ അതോറിറ്റി പൈപ്പിട്ട് റോഡിൽ ഉണ്ടായ കുഴി ഒരു ദിവസം കൊണ്ട് പരിഹരിച്ചു നൽകുമെന്ന് വാട്ടർ അതോറിറ്റി എക്‌സി.എൻജിനിയർ അറിയിച്ചു. കുടിവെള്ളം ലഭിക്കുന്നില്ല എന്ന പരാതിയും ഉടൻ പരിഹരിക്കും . അമ്മയ്ക്ക് ചികിത്സാ ധനസഹായം തേടി എത്തിയ കുട്ടിക്ക് ഉടൻ ധനസഹായം എത്തിച്ചു നല്കുമെന്ന് പട്ടികജാതി വകുപ്പ് അധികൃതർ അറിയിച്ചു. റോഡിൽ തടസമായ പോസ്റ്റ് ഉടൻ മാറ്റി നല്കുമെന്ന് കെ.എസ്.ഇ.ബി. അസി.എൻജിനീയർ അറിയിച്ചു.
എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.ബി.നൂഹ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ സഭ കോ ഓർഡിനേറ്റർ കോന്നിയൂർ പി.കെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃതസജയൻ ,ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, ഗ്രാമ പഞ്ചായത്തംഗം വാഴവിള അച്യുതൻ നായർ ,ബ്ലോക്ക് പട്ടികജാതി ഓഫീസർ എസ്.ബിന്ദു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ 150 കേന്ദ്രങ്ങളിൽ സഭ സംഘടിപ്പിക്കും.