പള്ളിക്കൽ: റോഡിലും പറമ്പിലും പരിശീലനം നടത്തി പള്ളിക്കൽ സ്വദേശി ചന്ദ്രിക മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിന്റെ ശ്രീലങ്കയിൽ നടന്ന അന്തർദേശീയ മത്സരത്തിൽ സ്വർണം നേടിയതും , വീടിനു ചുറ്റും കമ്പെറിഞ്ഞ് പഠിച്ച് സംസ്ഥാന സ്കൂൾ കായിക മേളയിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ പെരിങ്ങനാട് സ്വദേശി അനിലയും കായിക രംഗത്തെ പള്ളിക്കലിന്റെ അഭിമാനമാണ്. പള്ളിക്കലിന്റെ കായികസ്വപ്ന ങ്ങക്ക് കരുത്തുപകരാൻ മൂന്ന് പതിറ്റാണ്ട് മുൻപ് ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം ഇപ്പോഴുംഅതേപടി അവിടെ തന്നെയുണ്ട്. യാതൊരു പുരോഗതിയുമില്ല. മികച്ച പരിശീലനം നൽകിയാൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന കായികതാരങ്ങളെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് സ്കൂൾ അദ്ധ്യാപകർ പലയോഗങ്ങളിലും പറയാറുണ്ട്. ജനകീയാസൂത്രണ പദ്ധതി പലത് വന്നിട്ടും സ്റ്റേഡിയത്തിന് കാര്യമായ പുരോഗതി ഉണ്ടായില്ല. 1990 ഏപ്രിൽ 23നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഒരേക്കർ സ്ഥലത്താണ് സ്റ്റേഡിയം. കായിക മേളകളൊന്നും നടന്നില്ലെങ്കിലും ഡ്രൈവിംഗ് പരിശീലനം നടക്കുന്നുണ്ട്. ചുറ്റുമതി ലോ മറ്റ് സംരക്ഷണ സംവിധാനങ്ങളോ ഇല്ല. പൊതു പരിപാടികൾ നടത്താൻ ഓപ്പൺ സ്റ്റേജ് തുടക്കത്തിലേ നിർമ്മിച്ചു. ഇന്നത് ചോർന്നൊലിച്ച്, പ്ലാസ്റ്ററിംഗ് ഇളകി നശിക്കുന്നു.
കായിക രംഗത്തെ മുന്നേറ്റത്തിന് പ്രതീക്ഷ വേണോ....?
സ്റ്റേജിന്റെ ഇരുവശത്തായി നിർമ്മിച്ച ഡ്രസിംഗ് മുറികളുടെ കതക് പോലുമില്ല. കേന്ദ്ര . സർക്കാരിന്റെ പൈക്ക പദ്ധതിയിൽ നിർമ്മിച്ച ബാഡ്മിന്റെൺകോർട്ട് സ്റ്റേഡിയത്തിന് ഒരു വശത്തായി പണിതിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇത് പണി പൂർത്തീകരിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരവും സ്റ്റേഡിയം പുനർ നിർമ്മാണത്തിന് പണം കണ്ടെത്താവുന്നതാണ്. കായിക രംഗത്ത് മുന്നേറാൻ കഴിയുന്നവർക്ക് മികച്ച പരിശീലനം നടത്താൻ സൗകര്യമൊരുക്കേണ്ടത് പഞ്ചായത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. പുതിയ ഭരണസമിതി അത് നിറവേറ്റുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.