നാരങ്ങാനം: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വീട്ടമ്മ പക്ഷാഘാതത്തെ തുടർന്ന് തളർന്ന് ചികിത്സിക്കാൻ പണമില്ലാതെ നൻമയുള്ള ഹൃദയങ്ങളുടെ കനിവ് തേടുന്നു. നാരങ്ങാനം കണമുക്ക് പുളിക്കത്തറയിൽ പരതനായ നാരായണന്റെ മകൾ സിന്ധു (49) കിടക്കയിൽ നിന്ന് കഷ്ടിച്ച് എഴുന്നേറ്റിരിക്കാവുന്ന സ്ഥിതിയിലാണ്. വലത് കൈക്കും കാലിനും അടിയന്തരമായി മേജർ ശസ്ത്രക്രിയ നടത്തിയാൽ സിന്ധുവിന് തനിയെ എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ ഉപദേശം.
ഭർത്താവ് മരണപ്പെട്ട സിന്ധു മൂന്ന് പെൺമക്കളെ വിവാഹം ചെയ്തയക്കാൻ സ്വന്തമായുണ്ടായിരുന്ന 40 സെന്റ് സ്ഥലം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ സ്ഥലം ബാങ്ക് ജപ്തി ചെയ്തു. സ്വന്തമായി ഭൂമി വാങ്ങണമെന്ന ഉദ്ദേശത്തോടെ സിംഗപ്പൂരിൽ ഡോക്ടർ കുടുംബത്തിൽ വീട്ടുജോലിക്കു പോയ സിന്ധുവിന് പക്ഷാഘാതം ബാധിച്ച് എട്ട് ദിവസം അവിടുത്തെ ആശുപത്രിയിലായിരുന്നു. ഡോക്ടർ കുടുംബത്തിന്റെ ചെലവിൽ സിന്ധുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. രണ്ടര മാസത്തെ ചികിത്സയ്ക്ക് 35 ലക്ഷത്തോളം ചെലവായി. ഫിസിയോ തെറാപ്പി ഉൾപ്പെടെ നിരന്തര ചികിത്സയ്ക്ക് ശേഷം ഇപ്പോൾ കുറച്ച് ഭേതമായിട്ടുണ്ട്. ശസ്ത്രക്രിയക്കൊപ്പം ആയുർവേദ ചികിത്സയും നടത്തണം. ചികിത്സയ്ക്കും മരുന്നിനുമായി മാസം 15000ത്തോളം രൂപ ചെലവാകുന്നുണ്ട്. സിന്ധുവിന്റെ മക്കളുടെ ഭർത്താക്കൻമാർ കൂലിപ്പണിക്കാരാണ്. സ്വന്തമായി സ്ഥലവും ചെറിയ വീടും സിന്ധുവിന്റെ സ്വപ്നമാണ്. ആസ്മ രോഗിയായ വൃദ്ധമാതാവാണ് സിന്ധുവിനെ പരിചരിക്കുന്നത്. സുമനസുകളുടെ കനിവിനായി കാക്കുന്ന സിന്ധുവിന്റെ പേരിൽ നാരങ്ങാനം എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സിന്ധു, 67024596462. ഐ.എഫ്.എസ്.സി SBIN 0070069. ഫോൺ: 8590064155.