08-police-building
മലയാലപ്പുഴ പോലീസ് സ്റ്റേഷന് കെട്ടിട നിർമ്മാണം

മലയാലപ്പുഴ: വാടകക്കെട്ടിടത്തിന്റെ പരിമിതികളിൽ കഴിയുന്ന മലയാലപ്പുഴ പൊലീസ് സ്റ്റേഷന് വൈകാതെ മോചനമാകും. . വില്ലേജ് ഒാഫീസിന് എതിർവശത്തായി പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു. മലയാലപ്പുഴ താഴത്ത് വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.. 35 ജീവനക്കാരുണ്ട്. ഇത്രയും പേർക്കുള്ള സൗകര്യം ഇവിടെയില്ല. വാഹനങ്ങൾ പാർക്കുചെയ്യാൻ ഇടമില്ലാത്തതിനാൽ സ്റ്റേഷനിലെ ജീപ്പും ഇരുചക്രവാഹനങ്ങളും മലയാലപ്പുഴ - മണ്ണാറകുളഞ്ഞി റോഡരികിലാണ് പാർക്കുചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്ക് വരുന്നവർ പൊതുനിരത്തിലാണ് നിൽക്കുന്നത്. പൊലീസുകാർക്ക് ജോലി കഴിഞ്ഞ് വിശ്രമിക്കാനുള്ള സൗകര്യമില്ല.

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ നൽകിയ നിവേദനത്തെ തുടർന്നാണ് കെട്ടിടം നിർമ്മിക്കാൻ നടപടിയായത്. തരിശുകിടന്ന പുറമ്പോക്ക് ഭൂമിയിലെ 15 സെന്റ് സ്ഥലം റവന്യു വകുപ്പ് അനുവദിക്കുകയായിരുന്നു. തുടർന്ന് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് 97 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമ്മിക്കാൻ നടപടിയായി. രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്ന് എം എൽ എ പറഞ്ഞു..മലയാലപ്പുഴ, കോന്നിതാഴം, പത്തിരി , മേക്കൊഴൂർ, വടശേരിക്കര വില്ലേജിലെ തലച്ചിറ തുടങ്ങിയ പ്രദേശങ്ങളാണ് മലയാലപ്പുഴ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്നത്.

പുതിയ കെട്ടിടത്തിൽ സൗകര്യങ്ങളേറെ

സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്‌പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിനും,ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർറൂം, ടോയ്‌ലറ്റുകൾ തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ടാകും.