പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ റബർ കൃഷി വികസന പദ്ധതിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി. തോമസ് എന്നിവർ ആവശ്യപ്പെട്ടു. റബർ ബോർഡിന്റെ നിയന്ത്രണത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ലക്ഷം ഹെക്ടർ സ്ഥലത്ത് റബർ കൃഷി വികസനത്തിനായി ടയർ വ്യവസായികൾ 1,100 കോടി രൂപ ചെലവഴിക്കുന്നത് സ്വാഗതാർഹമാണ്.
ആദ്യകാലം മുതൽ റബർ കൃഷിയിൽ വിദഗ്ദ്ധരും അനുഭവ സമ്പത്തുള്ളവരുമായ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്തണം. ദീർഘകാലമായുള്ള വിലയിടിവ് റബർ കൃഷി അനാദായകരമാക്കി. ആവർത്തന കൃഷിക്കുള്ള സാമ്പത്തിക സഹായം ഇല്ലാത്തതുകൊണ്ട് കർഷകർ കൃഷി ഉപേക്ഷിക്കേണ്ടതായി വന്നു. അത്യുത്പാദന ശേഷിയുള്ള റബർ കൃഷി ചെയ്താൽ രാജ്യത്തിന് ആവശ്യമായ മുഴുവൻ റബറും ഉത്പാദിപ്പിക്കാം.
ടയർ വ്യവസായികളുടെ ഉത്പാദന കേന്ദ്രങ്ങൾ പ്രധാനമായും ദക്ഷിണേന്ത്യയിലാണ്. വികസന പദ്ധതികളിൽ ദക്ഷിണേന്ത്യയെയും ഉൾപ്പെടുത്തുന്നതിന് റബർ ബോർഡ് ചെയർമാന്റെ ഇടപെടൽ അനിവാര്യമാണെന്നും അവർ പറഞ്ഞു.