ശബരിമല : കൊവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല സന്നിധാനത്തും നിലയ്ക്കലും കൂടുതൽ ടെസ്റ്റുകൾ നടത്തി. സന്നിധാനത്ത് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നടത്തിയ പരിശോധനയിൽ സാമ്പിളുകൾ എടുത്ത 78 പേരുടെയും ഫലം നെഗറ്റീവായി. ഇതിനു ശേഷം നിലയ്ക്കലിൽ നടത്തിയ കൊവിഡ് പരിശോധനയിൽ പങ്കെടുത്ത 44 പേരിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവ് ഫലം കണ്ടെത്തിയത്. ആന്റിജൻ ടെസ്റ്റാണ് സന്നിധാനത്തും, നിലയ്ക്കലും നടത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണമാണ് നടത്തുന്നത്. ഭക്തർ, ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകുന്നുണ്ട്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.