vaccine

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റൺ ഇന്ന് രാവിലെ ഒൻപതിന് ആരംഭിക്കും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എ.എൽ.ഷീജ, ഡെപ്യൂട്ടി ഒാഫീസർ ഡോ.സി.എസ്.നന്ദിനി മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂർ ജനറൽ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടത്തുന്നത്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഡ്രൈ റൺ 11 മണിയോടെ പൂർത്തിയാകും. ഒരു സെന്ററിൽ 25 ആരോഗ്യ പ്രവർത്തകർക്ക് ഡ്രൈ റൺ നടത്തും. അതത് സെന്ററിൽ നിന്ന് രജിസ്റ്റർ ചെയ്ത ക്രമത്തിലാണ് 25 പേരെ സജീകരിച്ചിരിക്കുന്നത്.
ജില്ലാ മെഡിക്കൽ ഒാഫീസർ അതത് മെഡിക്കൽ ഓഫീസർമാർക്ക് നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ഡ്രൈ റണിനായുള്ള വ്യക്തിയെ സെന്ററിലേക്ക് കടത്തിവിടുക. ആധാർ കാർഡുമായി എത്തുന്ന വ്യക്തിയെ മാത്രമേ വാക്‌സിനേഷൻ റൂമിലേക്ക് പ്രവേശിപ്പിക്കൂ. ഒരു സെന്ററിൽ വെയിറ്റിംഗ് റൂം, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റും എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നാല് വാക്‌സിനേഷൻ ഓഫീസർമാർ, ഒരു വാക്‌സിനേറ്റർ, ഒരു സൂപ്പർവൈസർ, മെഡിക്കൽ ഓഫീസർ എന്നിവർ അടങ്ങുന്നതാണ് ഡ്രൈ റൺ സെന്ററിലെ പ്രവർത്തകർ. വാക്‌സിനേഷനായി എത്തുന്നവരുടെ വിവരങ്ങൾ കൊവിൻ എന്ന പോർട്ടലിലൂടെ ജെ.എച്ച്‌.ഐയ്ക്ക് ലഭ്യമാകും. ഇവ ശരിയായ രീതിയിൽ ലഭ്യമാകുന്നുണ്ടോ എന്നറിയുന്നതിനാണ് ഡ്രൈ റൺ ക്രമീകരിച്ചിരിക്കുന്ന്. 50 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിവരശേഖരണം, വാക്‌സിൻ നൽകുന്നതിനായി കണ്ടെത്തേണ്ട സെന്ററുകൾ, മറ്റ് വകുപ്പുകളുടെ ഏകോപനം, കൊവിഡ് പ്രവർത്തനങ്ങളിലെ മുൻനിര ഉദ്യോഗസ്ഥരുടെ വിവര ശേഖരണം എന്നിവയെ സംബന്ധിച്ച് ചർച്ച നടത്തി.

ഡ്രൈറൺ നട‌ക്കുന്നത്: ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂർ ജനറൽ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ്