പത്തനംതിട്ട: ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം. ആകെ 6836 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. മുൻകാലങ്ങളിൽ വീട് നിർമ്മാണത്തിന് ഏറ്റെടുത്ത സർക്കാർ പദ്ധതികളിൽ പൂർത്തീകരിക്കാതെ കിടന്നവയും ഇതിലുണ്ട്. അപൂർണമായി കിടന്ന 1188 വീടുകളിൽ 1171എണ്ണം പൂർത്തീകരിച്ച് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല.
ലൈഫ് മിഷൻ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമ്മാണമാണ്. 2273 പേർ കരാർ വച്ച് ഭവന നിർമ്മാണം ആരംഭിച്ചതിൽ 1866 പേർ നിർമ്മാണം പൂർത്തിയാക്കി. മൂന്നാംഘട്ടത്തിൽ ആരംഭിച്ച 344 വീടുകളിൽ 158 എണ്ണം പണി തീർന്നു. നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളിലൂടെയും ഭവന നിർമ്മാണം നടന്നുവരുന്നുണ്ട്.
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ലിസ്റ്റുകൾ ബന്ധപ്പെട്ട വകുപ്പുകൾ ശേഖരിച്ച് ലൈഫ് മിഷനിലൂടെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എത്തിച്ചിരുന്നു. ഇവയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കരാർ വയ്ക്കുവാൻ തുടങ്ങിയിട്ടുണ്ട്. പട്ടികജാതി വകുപ്പ് മുഖേന ലഭ്യമാക്കിയ ലിസ്റ്റിൽ നിന്നും ഭൂമിയുള്ള ഭവനരഹിതരായ 1911 കുടുംബങ്ങൾ അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂരഹിത ഭവനരഹിതരായ 754 കുടുംബങ്ങളും അർഹരായിട്ടുണ്ട്. പട്ടികവർഗ വകുപ്പിൽ നിന്ന് ലഭിച്ച ലിസ്റ്റിലെ 373 കുടുംബങ്ങൾ വീടിനും 175 കുടുംബങ്ങൾ ഭൂമിക്കും വീടിനും അർഹരായിട്ടുണ്ട്. ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച ലിസ്റ്റ് പ്രകാരം 11 കുടുംബങ്ങൾ വീടിനും 4 കുടുംബങ്ങൾ ഭൂമിക്കും വീടിനും അർഹരാണ്.