ഇലവുംതിട്ട: പന്നിശല്യം രൂക്ഷം;കർഷകർ കൃഷി നിർത്താൻ ആലോചന.കുളക്കടയ്ക്ക് പരിസരത്തുളള നെല്ലക്കുന്നുകാല,മാരമൺ,താഴേത്തോപ്പിൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രികളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചത്.വിളഞ്ഞ് പാകമായ കപ്പ,ചേമ്പ്,വാഴ എന്നിവയാണ് കുത്തിമറിച്ചിട്ട് തിന്ന് നശിപ്പിച്ചിരിക്കുന്നത്. തൈത്തെങ്ങുകൾ കുത്തിയിളക്കി മേൽ ഭാഗം തിന്ന നിലയിലാണ്. കർഷകർ ഗ്രൂപ്പുകളായി കൃഷി ചെയ്ത കൃഷിത്തോട്ടങ്ങളും നെല്ലിക്കുന്നുകാലായിൽ ബാലചന്ദ്രന്റെ കൃഷിയിടവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്. റബർ തോട്ടങ്ങളിലെ കുറ്റിക്കാടുകളിൽ പകൽ സമയത്ത് പാർക്കുന്ന കാട്ടുപന്നികളാണ് കൂട്ടമായി രാത്രിയിലെത്തി ഓരോ പ്രദേശത്തെയും കൃഷികൾ നശിപ്പിക്കുന്നത്. കഴിഞ്ഞ രാത്രികളിൽ മഴയുണ്ടായിരുന്നതിനാൽ പന്നിക്കൂട്ടങ്ങളുടെ വരവ് മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് പന്നികളെ കൊന്നില്ലെങ്കിൽ കൃഷി നിറുത്താനാണ് കൃഷിക്കാർ ആലോചിക്കുന്നത്.