pb
വിജയികൾ ജില്ലാ കളക്ടർ പി.ബി നൂഹിനൊപ്പം

പത്തനംതിട്ട: മലയാള ദിന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചന, ഓൺലൈൻ കവിതാലാപന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ പി.ബി.നൂഹ് വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും പുസ്തകങ്ങളും സമ്മാനമായി നൽകി. ഉപന്യാസ രചനാ മത്സരത്തിൽ തിരുവല്ല എം.ജി.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അക്‌സ മരിയ സാബു ഒന്നാം സ്ഥാനവും റാന്നി ചെറുകുളഞ്ഞി വലിയകുളം എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദിത് ദിനേശ് രണ്ടാംസ്ഥാനവും നേടി. കവിതാലാപന മത്സരത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സാന്ദ്ര എസ്. പിള്ള ഒന്നാം സ്ഥാനവും കുളത്തൂർ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ നീതു എലിസബത്ത് ജോസഫ് രണ്ടാം സ്ഥാനവും നേടി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, അസിസ്റ്റൻഡ് എഡിറ്റർ സി.ടി. ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.