covid-protocol

പത്തനംതിട്ട : ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമൺ കൺവെൻഷനിൽ ഒരു സെഷനിൽ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. വീണാ ജോർജ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

65ന് മുകളിൽ പ്രായമുള്ളവരേയും, 10 വയസിൽ താഴെയുള്ളവരേയും കൺവെൻഷനിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കും.
ആരോഗ്യ വകുപ്പ് കൺവെൻഷൻ നഗറിൽ പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കും. കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തെരുവ് വിളക്കുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂർത്തിയാക്കും.
വാട്ടർ അതോറിറ്റി കൺവൻഷൻ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പൊലീസ്, ഫയർ ഫോഴ്സ്, എക്‌സൈസ് വകുപ്പുകൾ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി ഫാ.ജോർജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി. വർഗീസ്, ട്രഷറാർ അനിൽ മാരാമൺ, സഭാ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്

പത്തനംതിട്ട : ഫെബ്രുവരി ഏഴ് മുതൽ 14 വരെ നടക്കുന്ന അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചു. വീണാ ജോർജ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് മുഖേനയായിരുന്നു യോഗം. മറ്റു രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പരിഷത്തിൽ പങ്കെടുക്കുന്നവർ ക്വാറൻന്റൈനിൽ കഴിഞ്ഞതിന് ശേഷമേ പരിഷത്തിന് എത്താവു.
ശാരീക അകലം പാലിക്കുന്നതിനും മാലിന്യ നിർമാർജനത്തിനും ക്രമീകരണങ്ങൾ ഉണ്ടാകും. പരിഷത്ത് നഗറിൽ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസിംഗ് കിയോസ്‌ക്കുകളും, കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ക്രമീകരിക്കും.
പരിഷത്ത് നഗറിൽ ആരോഗ്യ വകുപ്പ് ഫസ്റ്റ് എയിഡ് ടീമിനെ നിയോഗിക്കും. കേരള വാട്ടർ അതോറിറ്റി പരിഷത്ത് നഗറിൽ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും.
കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കുകയും, റോഡ് സൈഡിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കുകയും ചെയ്യും. പരിഷത്ത് നഗരിയിൽ അഗ്നിശമനസേനയുടെ സേവനമുണ്ടാകും. പരിഷത്ത് നഗറിലും, പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വിൽപന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികൾ എക്‌സൈസ് വകുപ്പ് സ്വീകരിക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണയെ കോഓർഡിനേറ്ററായും, റാന്നി തഹസീൽദാർ നവീൻ ബാബുവിനെ അസിസ്റ്റന്റ് കോഓർഡിനേറ്ററായും നിയോഗിച്ചു.

യോഗത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, ഡി.എം.ഒ ( ആരോഗ്യം) ഡോ. എ.എൽ. ഷീജ, അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി എ.ആർ. വിക്രമൻപിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി എന്നിവർ പങ്കെടുത്തു.