തിരുവല്ല: അവഗണനയുടെ നാളുകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിന് വഴിയൊരുങ്ങുന്നു. കാടുകയറിക്കിടന്ന സ്റ്റേഡിയത്തിൽ വെള്ളക്കെട്ടും വില്ലനായിരുന്നു. സ്റ്റേഡിയം വികസനത്തെക്കുറിച്ച് കൂടിയാലോചിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രതീക്ഷയേകുന്ന ചർച്ചകൾ നടന്നത്. ചുറ്റുപാടും റോഡുകൾ ഉയർന്നതോടെ താഴ്ചയിലായ സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കും. സമീപത്തുകൂടി ഒഴുകുന്ന മുല്ലേലി തോടിന് ആഴംകൂട്ടി വെള്ളം ഒഴുക്കിവിടും. സ്റ്റേഡിയത്തിലെ വടക്കുകിഴക്ക് ഭാഗത്തെ താഴ്ന്ന സ്ഥലങ്ങൾ സമനിരപ്പാക്കും. മലിനജലം പുറന്തള്ളാൻ ഡ്രയിനേജ് സംവിധാനം കാര്യക്ഷമമാക്കും. പൊട്ടിപ്പൊളിഞ്ഞ ഗാലറിയുടെ അറ്റകുറ്റപ്പണികൾ നടത്തും. സാങ്കേതിക വിദഗ്ദരെ കൊണ്ടുവന്ന് സ്റ്റേഡിയം വികസിപ്പിക്കാനുള്ള വിപുലമായ പദ്ധതി തയ്യാറാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ലഭ്യമാക്കാൻ എം.പി,എം.എൽ.എമാർ മുഖേന ശ്രമം നടത്തും. രണ്ടുഘട്ടമായി സ്റ്റേഡിയം വികസനം യാഥാർത്ഥ്യമാക്കും. രണ്ടാംഘട്ടത്തിൽ ടെന്നീസ്,ഹാൻഡ് ബാൾ,വോളിബാൾ തുടങ്ങിയ കായിക ഇനങ്ങൾക്കായി ഇൻഡോർ കോർട്ട് സജ്ജമാക്കാൻ നടപടി സ്വീകരിക്കും. കായിക പ്രേമികൾ ഉൾപ്പെടെ പങ്കെടുത്ത യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജിജിവട്ടശേരി, മറ്റ് കൗൺസിലർമാരായ ശോഭാ ബിനു, റെജിനോൾഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി,അനു ജോർജ്ജ്, ക്രിക്കറ്റ്, ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഇടപെടലിന് ടാസ്ക് ഫോഴ്സ്


വർഷത്തിലെ 365 ദിവസവും പബ്ലിക് സ്റ്റേഡിയം കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ തക്കവണ്ണം സജ്ജമാക്കാൻ കർമ്മനിരതരായ ടാസ്ക് ഫോഴ്‌സിനെ നിയോഗിക്കും. ഈ ടാസ്ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന്റെ വികസനം സാദ്ധ്യമാക്കും. മാത്യു ടി.തോമസിന്റെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞാലുടൻ വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.