അടൂർ: മണ്ഡലത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് ,നഗരസഭ തലങ്ങളിൽ അദാലത്ത് നടത്തുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെടാതിരിക്കാൻ നിലവിലുള്ള കുടിവെള്ള പദ്ധതികളിലെ അപാകതകൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് യോഗം ചേരുന്നത്.വാട്ടർ അതോറിട്ടി, ഭൂഗർഭജലവിഭവവകുപ്പ് വാട്ടർഡിപ്പാർട്ട്മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും അഭിപ്രായം അറിഞ്ഞ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. തുടർന്ന് ജീവാമൃതം 2021 പദ്ധതി തുടങ്ങും. നിലവിലുള്ള പദ്ധതികൾ എത്രമാത്രം പര്യാപ്തമാണ്, പുതിയ പദ്ധതികൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ചർച്ചയിലൂടെ തീരുമാനം എടുത്ത് വേണ്ട ക്രമീകരണങ്ങൾ വരുത്തും. അതാത് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കടുക്കണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ എ അറിയിച്ചു.11ന് വൈകിട്ട് മൂന്നിന് പന്തളം നഗരസഭ 4.30ന് തുമ്പമൺ പഞ്ചായത്ത് ,16ന് രാവിലെ 10.30ന് കൊടുമൺ, 11.30ന് ഏഴംകുളം, ഉച്ചകഴിഞ്ഞ് 2.30ന് എറത്ത്, വൈകിട്ട് നാലിന് കടമ്പനാട് ,18ന് ഉച്ചകഴിഞ്ഞ് 2.30 ന് പള്ളിക്കൽ, 3.30 ന് പന്തളം തെക്കേക്കര, 22ന് ഉച്ചകഴിഞ്ഞ് 2.30ന് അടൂർ നഗരസഭയിലും യോഗം നടക്കും. പള്ളിക്കൽ ആറാട്ട് ചിറ പദ്ധതി പൂർത്തീകരിക്കും.മലങ്കാവിൽ പുതിയ പ്ലാൻ്റ് സ്ഥാപിച്ച് പാറക്കൂട്ടത്ത് ടാങ്കിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യും. ഏനാത്ത് കളമല കൊയ്പ്പള്ളി മല പാറക്കുളത്തിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ഒരു മൈക്രൊ പദ്ധതിയും പരിഗണനയിലുണ്ടെന്നും എം.എൽ.എ പറഞ്ഞു.