kovid
കൊവിഡ് കേന്ദ്രത്തിലെ സാധനങ്ങൾ ഇലന്തൂർ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കൂട്ടിയിട്ടിരിക്കുന്നു

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി) നടത്തിയ ഗ്രാമപഞ്ചായത്തുകൾക്ക് വൻ സാമ്പത്തിക നഷ്ടം. പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും നികുതിപ്പണവും ഉപയോഗിച്ച് തുടങ്ങിയ കൊവിഡ് കേന്ദ്രങ്ങൾക്ക് ചെലവായ തുക ദുരന്തനിവാരണ വകുപ്പ് വഴി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. 28 പഞ്ചായത്തുകളിൽ കൊവിഡ് കേന്ദ്രങ്ങൾ തുടങ്ങിയതിന് 5.67 കോടി രൂപയാണ് ചെലവായത്. സ്പോൺസർമാരെ ലഭിച്ചതിനാൽ ചില പഞ്ചായത്തുകളിൽ ചെലവ് കുറഞ്ഞിട്ടുണ്ട്.

ഗവ.സ്കൂളുകളിലാണ് കൊവിഡ് കേന്ദ്രങ്ങൾ മിക്കതും പ്രവർത്തിച്ചത്. സ്കൂൾ തുറന്നപ്പോൾ പലതും അടച്ചു. പൊളിച്ചു മാറ്റിയ ഉപകരണങ്ങൾ പലതും സ്കൂൾ ഒാഡിറ്റോറിയങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്.

100 പേർക്ക് കിടക്കാനുള്ള കട്ടിലുകൾ, കാബിനുകൾ, താൽക്കാലിക ടോയ്ലറ്റുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, ഫാനുകൾ, വാഷിംഗ് മെഷിനുകൾ തുടങ്ങിയവയ്ക്ക് പഞ്ചായത്തുകളാണ് പണം മുടക്കിയത്. കൂടാതെ, ഒാരോ രോഗിക്കും ആവശ്യമായ ബെഡ്ഷീറ്റ്, തലയണ, പാത്രങ്ങൾ, സോപ്പ്, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയവയ്ക്കും വൻ തുക ചെലവായി. തുക പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്ന് എടുക്കണമെന്നും പിന്നീട് സർക്കാർ തിരികെ നൽകുമെന്നും ദുരന്ത നിവാരണ വിഭാഗം ഉത്തരവിറക്കിയിരുന്നു.

ഇലന്തൂരും മല്ലപ്പള്ളിയിലും

ഇലന്തൂരിൽ കൊവിഡ് കേന്ദ്രം തുടങ്ങുന്നതിന് 14 ലക്ഷം രൂപ ചെലവായി. തുക തിരിച്ചു കിട്ടിയില്ല. ഇലന്തൂർ ഗവ. സ്കൂളിൽ ക്ളാസ് തുടങ്ങിയപ്പോൾ മാറ്റിയ കൊവിഡ് കേന്ദ്രത്തിലെ കട്ടിലുകൾ, കസേരകൾ, മേൽക്കൂര ഷീറ്റുകൾ എന്നിവ സ്കൂൾ ഒാഡിറ്റോറിയത്തിൽ കൂട്ടിയിട്ടിരിക്കുന്നു. സ്ഥലം ലഭ്യമാകാത്തതിനാൽ പഞ്ചായത്തിൽ ഇപ്പോൾ കൊവിഡ് ചികിത്സാ കേന്ദ്രമില്ല.

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കീഴ്വായ്പൂർ എച്ച്.എസ്.എസിൽ സി.എഫ്.എൽ.ടി.സി നടത്തിയതിന് 30 ലക്ഷം രൂപ ചെലവായി. പഞ്ചായത്തിന് തിരികെ ലഭിച്ചത് 7 ലക്ഷം രൂപയാണ്. സ്കൂൾ തുറന്നപ്പോൾ ആനിക്കാട് ധ്യാന കേന്ദ്രം ഒാഡിറ്റോറിയത്തിലേക്ക് കൊവിഡ് കേന്ദ്രം മാറ്റി.

28 പഞ്ചായത്തുകളിൽ കൊവിഡ് കേന്ദ്രങ്ങൾ,

ചെലവാക്കിയത് 5.67 കോടി,

പണം നൽകുമെന്ന പ്രഖ്യാപനം നടപ്പായില്ല

'' പഞ്ചായത്തുകൾക്ക് ചെലവായ തുക മുഴുവൻ ഉടൻ തിരികെ നൽകണം. വികസനത്തിന് ചെലവഴിക്കേണ്ട പദ്ധതിവിഹിതവും നികുതിപ്പണവുമാണ് കൊവിഡ് കേന്ദ്രങ്ങൾക്ക് ചെലവാക്കിയത്.

എം.എസ്.സിജു, ഇലന്തൂർ ഗ്രാമപഞ്ചായത്തംഗം,

ഡി.സി.സി ജനറൽസെക്രട്ടറി.

'' ഗ്രാമ പഞ്ചായത്തുകൾക്ക് ചെലവായ 50 ശതമാനം തുക അനുവദിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുമ്പോൾ ബാക്കി തുകയും തിരികെ നൽകും.

ബി.രാധാകൃഷ്ണൻ,

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടികളക്ടർ.