heavy-rain

പത്തനംതിട്ട: പതിവിനു വിപരീതമായി ഇപ്പോൾ തുടരുന്ന കനത്ത മഴ കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കുരുമുളക്, മരച്ചീനി തുടങ്ങിയവയുടെ വിളവെടുപ്പ് സമയമാണിപ്പോൾ. കനത്ത മഴമൂലം വിളവെടുപ്പ് തടസപ്പെടുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷം മൂലം കാർഷിക വിളകൾ ഉണക്കിയെടുക്കാനും കഴിയുന്നില്ല. വിളവെടുക്കാനായ കപ്പത്തോട്ടത്തിൽ വെള്ളംകെട്ടിക്കിടക്കുന്നതും ഭീഷണിയാണ്. കപ്പ അഴുകി നശിക്കാനും സാദ്ധ്യതയേറെയുണ്ട്. വെള്ളം പിടിച്ച കപ്പയ്ക്ക് ആവശ്യക്കാരില്ലാത്തതും വിലയിടിവിന് കാരണമാകുന്നു. ഇപ്പോൾ തന്നെ കപ്പയ്ക്ക് വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 25 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് പലയിടത്തും വില 15ലേക്ക് താഴ്ന്നു.

ഏത്തവാഴകളും ശക്തമായ മഴയിൽ നിലംപൊത്തുകയാണ്. ഏത്തക്കയ്ക്ക് വില കുറഞ്ഞതിനാൽ കർഷകർ നട്ടംതിരിയുന്ന അവസ്ഥയിലാണ് ഇപ്പോൾ മഴയും കെടുതിയാകുന്നത്.