പള്ളിക്കൽ : തെങ്ങമത്ത് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ വരുന്നത് നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..
1972ൽ കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ച പ്രദേശമാണിത്. കൊല്ലം, കായംകുളം, പുനലൂർ, അടൂർ എന്നിവിടങ്ങളിൽ നിന്ന് തെങ്ങമത്തേക്ക് കെ എസ് ആർ ടി സി ബസ് സർവീസുകളുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മിക്കവയും ഇല്ലാതായി. കെ എസ് ആർടിസി ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെ കെ എസ് ആർ ടി സി സ്റ്റാൻഡ് എന്ന് നാട്ടുകാർ പറയുമെന്ന് മാത്രം. സർക്കാർ രേഖയിൽ ഇങ്ങനെ സ്റ്റാൻഡില്ല. പ്രധാനപ്പെട്ട നാല് ഡിപ്പോകളിൽ നിന്ന് ഇവിടേക്ക് ബസ് സർവീസുണ്ടായിരുന്നു. പക്ഷേ അടൂരിൽ നിന്നൊഴികെ മറ്റെല്ലാ ഡിപ്പോകളിൽ നിന്നുമുള്ള സർവീസുകൾ മുടങ്ങി. തെങ്ങമത്തെ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇന്ന് യാത്ര ചെയ്യാൻ പൊതുഗതാഗത സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നു. തോട്ടുവാ , ചെറുകുന്നം, കൈതക്കൽ, പള്ളിക്കൽ പ്രദേശങ്ങളിലൂടെ ഒരു ബസ് സർവീസുമില്ല. കായംകുളത്ത് നിന്ന് തെങ്ങമത്തേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തിയിരുന്നപ്പോൾ ചെറുകുന്ന്- തോട്ടുവ വഴിയാണ് വന്നിരുന്നത്. ദിവസം മൂന്നുതവണ സർവീസുണ്ടായിരുന്നു. നിരവധി സ്വകാര്യ ബസുകളും നിറുത്തി. തെങ്ങമത്ത് നിന്ന് അടൂരിലേക്ക് 14 കിലോമീറ്റർ ദുരമുണ്ട് . വികസന സാദ്ധ്യതകൾ ഏറെയുള്ള പ്രദേശമാണ് തെങ്ങമം. പൊലീസ് എയ്ഡ് പോസ്റ്റോ പൊലിസ് സ്റ്റേഷനോ തെങ്ങമത്ത് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാഷണലൈസ്ഡ് ബാങ്ക് ശാഖ, എറ്റിഎം കൗണ്ടർ, പോസ്റ്റ് ഒാഫീസിന് സ്വന്തം കെട്ടിടം തുടങ്ങിയവയും നാട്ടുകാരുടെ ആവശ്യങ്ങളാണ്.