കോഴഞ്ചേരി : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവാഭരണ ഘോഷയാത്ര സുരക്ഷിതമായി നടത്തുവാൻ അയിരൂർ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അറിയിച്ചു. ഘോഷയാത്ര ആദ്യ ദിനം രാത്രി വിശ്രമിക്കുന്ന അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ അന്നദാനം ഉണ്ടായിരിക്കില്ല. അയ്യപ്പ ഭക്തർക്ക് വൈദ്യസഹായവും മറ്റ് സേവനങ്ങളും നൽകുന്നതിനായി അലോപ്പതി, ആയൂർവേദം, ഹോമിയോ ഡോക്ടർമാരുടെ സേവനം എന്നിവ തിരുവാഭരണപാതയിൽ ലഭ്യമാക്കും. ഭക്തർക്ക് ആവശ്യമായ കുടിവെളളം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. തിരുവാഭരണ പാതയിൽ പൂർണമായി വഴിവിളക്കുകൾ പ്രവർത്തന സജ്ജമായി. പേരൂർച്ചാൽ പാലത്തിൽ താൽക്കാലിക വഴിവിളക്ക് സംവിധാനം ഒരുക്കും. പൊലീസ്, എക്‌സൈസ്, റവന്യൂ, ഫയർഫോഴ്‌സ് വകുപ്പുകളുടെ സംയോജിത പ്രവർത്തനവും ഉറപ്പുവരുത്തും. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.