പത്തനംതിട്ട: അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം, കുടിശിക നൽകുന്നതിലെ കാലതാമസം എന്നിവയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ ആരംഭിച്ചിട്ടുള്ള പ്രക്ഷോഭ സമരപരിപാടിയുടെ ഭാഗമായി ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 11ന് പണികൾ നിറുത്തിവച്ച് പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സിമന്റ്, സ്റ്റീൽ, പിവിസി പൈപ്പുകൾ, ടാർ, ക്വാറി, ക്രഷർ ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉപകരണങ്ങൾ തുടങ്ങിയവയുടെ വില വർദ്ധന കരാർ ജോലികളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉത്പാദനച്ചെലവിന് ആനുപാതികമായി കരാർ തുകയിൽ മാറ്റംവരുത്താൻ സർക്കാർ തയാറാകുന്നില്ല. സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ മേഖല പൂർണമായി സ്തംഭിക്കും.
6000 കോടി രൂപയോളം കിഫ്ബി ഇതര പദ്ധതികളുടെ കുടിശികയായുണ്ട്. നടപടി ക്രമങ്ങൾ വൈകുന്നതുമൂലം കിഫ്ബി ബില്ലുകളു മാസങ്ങളോളം മുടങ്ങിയിട്ടുണ്ട്.
എല്ലാ വകുപ്പുകളിലും കരാറുകാർ 11ന് നടക്കുന്ന സമരത്തിൽ പങ്കെടുക്കും. 12ന് സംസ്ഥാനസമിതിയോഗം ചേർന്ന് തുടർ സമരപരിപാടികൾ തീരുമാനിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനിൽ എസ്. ഉഴത്തിൽ, സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ, എൻ.പി. ഗോപാലകൃഷ്ണൻ, ജോർജ് കുരുവിള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.