09-pdm-chairman
പന്തളംനഗരസഭാദ്ധ്യക്ഷ സുശീല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം നടത്തുന്നു

പന്തളം: ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അവലോകന യോഗം തീരുമാനിച്ചു.

ഘോഷയാത്ര 12ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് തിരുവാഭരണം തുറന്നുവച്ചുള്ള ദർശനം വേണ്ടെന്നു വച്ചതെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ പറഞ്ഞു. ആചാരങ്ങൾ പാലിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക്തന്നെ ഘോഷയാത്ര പുറപ്പെടും. പതിനൊന്നരയോടെ തിരുവാഭരണ മാളികയിലെ സ്‌ട്രോംഗ് റൂമിൽ നിന്ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിക്കും. ക്ഷേത്രത്തിലും തിരുവാഭരണ ദർശനമുണ്ടാകില്ല.

രാവിലെ 10വരെ മാത്രമേ ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കുവെന്ന് അസ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. രാജീവ് കുമാർ പറഞ്ഞു..ഘോഷയാത്രാ സംഘത്തിനു ളാഹ സത്രത്തിൽ നിലവിലുള്ള അസൗകര്യങ്ങൾ പരിഹരിക്കണമെന്ന് ആർഡിഒയോട് ആവശ്യപ്പെട്ടു.

മാസ്‌ക്, സാമൂഹ്യ അകലം, കൈകഴുകൽ എന്നിവ കൃത്യമായി പാലിക്കണമെന്ന് പത്തനംതിട്ട ഡിഎംഒ ഡോ. ഷീജ.എൽ ഓർമ്മിപ്പിച്ചു. തിരക്കുണ്ടാകാതെ ശ്രദ്ധിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് പന്തളം എസ്എച്ച്ഒ .എസ്. ശ്രീകുമാർ പറഞ്ഞു.നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അടൂർ ആർഡിഒ ഹരികുമാർ എസ്, വാർഡ് കൗൺസിലർ പുഷ്പലത, നഗരസഭാ സെക്രട്ടറി ബിനു ജി, വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, കെ.സി. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

----------

@ ക്ഷേത്രാങ്കണം മുതൽ മേടക്കല്ലുവരെ ഭക്തരെ അനുവദിക്കില്ല. യാത്രാ വഴിയിൽ മാലയിട്ടോ പൊന്നാടയണിയിച്ചോ സ്വീകരണമുണ്ടാകില്ല. പകരം, കർപ്പൂരാഴിയുഴിഞ്ഞ് സ്വീകരിക്കാം

@ 11 മുതൽ 11.30 വരെ ക്ഷേത്രപരിസരം അണുവിമുക്തമാക്കുന്നതിനാൽ കർശന നിയന്ത്രണമുണ്ടാകും. മാസ്‌ക്, സാനിറ്റെസർ, വെള്ളം എന്നിവയുൾപ്പെടുന്ന കിറ്റ് ഘോഷയാത്ര സംഘത്തിലെ എല്ലാ അംഗങ്ങൾക്കും നൽകും.
ഘോഷയാത്രാ വഴിയിൽ സമർപ്പണങ്ങൾ സ്വീകരിക്കില്ല.

@ പെരുനാട്ടിലുള്ള ആചാരപരമായ സമർപ്പണമുണ്ടാകും. മുൻ വർഷങ്ങളിലേതുപോലെ തിരുവാഭരണങ്ങൾ ഇറക്കിവയ്ക്കുമെങ്കിലും തുറന്നു വയ്ക്കുന്നിടങ്ങളിൽ അതുണ്ടാകില്ല. 20 ചതുരശ്ര മീറ്റർ കെട്ടിത്തിരിച്ചു പ്രത്യേകം ഒരുക്കുന്ന പീഠത്തിൽ മാത്രം ഇറക്കി വയ്ക്കും. തിരികെ വരുമ്പോൾ പെരുനാട്ടിൽ ഉത്സവത്തിനു തിരുവാഭരണം ചാർത്തുമെങ്കിലും എഴുന്നെള്ളത്തുണ്ടാകില്ല