പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈറൺ വിജയകരമായി പൂർത്തിയാക്കി. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂർ ജനറൽ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്. രാവിലെ ഒൻപതിന് ആരംഭിച്ച ഡ്രൈ റണ്ണിൽ ആരോഗ്യ പ്രവർത്തകരിലാണ് വാക്‌സിൻ കുത്തിവച്ചത്.
വാക്‌സിൻ വിതരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം ആയ കൊവിൻ (കൊവിഡ് വാക്‌സിൻ ഇന്റലിജന്റ് നെറ്റ്‌വർക്ക് ) ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും നടന്നു. വാക്‌സിൻ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷൻ, വാക്‌സിനേഷന് എത്തേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങൾ അറിയിക്കൽ, വാക്‌സിൻ നൽകുന്നതിനു മുൻപ് വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ് നടത്തിയതിനുശേഷം ദേശീയതലം വരെയുള്ള തത്സമയ റിപ്പോർട്ട് സമർപ്പണം, രണ്ടാമത്തെ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകൽ തുടങ്ങിയ എല്ലാ നടപടികളും കോവിൻ സോഫ്റ്റ്‌വെയർ മുഖേനയാണു നിർവഹിക്കുന്നത്.
കുത്തിവയ്പ് നടക്കുന്ന സ്ഥലം മൂന്നു വിഭാഗങ്ങളായി തിരിച്ചിരുന്നു. കുത്തിവയ്പ് എടുക്കേണ്ടവരുടെ രേഖകൾ പരിശോധിച്ച് കാത്തിരിപ്പ് സ്ഥലത്തേക്കു കടത്തിവിടൽ, രേഖകളുടെ സ്ഥിരീകരണവും കുത്തിവയ്പും, കുത്തിവയ്പ് എടുത്തവർക്കുള്ള നിരീക്ഷണം എന്നിവയാണ് ഓരോ വിഭാഗത്തിലും നടത്തിയത്. സ്ഥലത്ത് എത്തിയതിനുശേഷം വിസമ്മതിക്കുന്നവർ, വാക്‌സിൻ എടുത്തതിനുശേഷം നിരീക്ഷണത്തിലുള്ളവരെ പരിചരിക്കേണ്ട വിധം തുടങ്ങിയവയും ഡ്രൈ റണിൽ ഉൾപ്പെടുത്തിയിരുന്നു.
ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ, ആർ.സി.എച്ച് ഓഫീസർ ഡോ. ആർ.സന്തോഷ് കുമാർ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ്.നന്ദിനി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പത്മകുമാരി, പ്രോഗ്രാം ഓഫീസർ തുടങ്ങിയവർ ഡ്രൈ റണിൽ പങ്കെടുത്തു.