മല്ലപ്പള്ളി - തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ച കോട്ടാങ്ങൽ പഞ്ചായത്തിൽ ഭരണപ്രതിസന്ധി രൂക്ഷം. 12ന് വിവിധ സ്റ്റാൻഡിംഗ് കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെ ഇനിയുള്ള ദിവസങ്ങൾ എന്താകുമെന്നുള്ള ആശയക്കുഴപ്പം തുടരുകയാണ്. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ എൻ.ഡി.എ.-5, എൽ.ഡി.എഫ്.-5,യു.ഡി.എഫ്.-2, എസ്.ഡി.പി.ഐ-1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങളാണ് രാജിവച്ചത്. പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാത്ത സാഹചര്യത്തിൽ 12ന് തിരഞ്ഞെടുക്കപ്പെടുന്ന വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാകും തൽക്കാലം ഭരണ സാരഥ്യം വഹിക്കുക.