death
ഡാനി

തിരുവല്ല: പമ്പാനദിയുടെ തീരത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരൻ നദിയിൽ മുങ്ങിമരിച്ചു. കടപ്ര സൈക്കിൾമുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻപുരയിൽ തോമസ് കുര്യന്റെയും (മനോജ്) ഷീജയുടെയും മകൻ ഡാനിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടുനിന്ന കുട്ടിയെ ഇടയ്ക്ക് കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ കൈയിലുണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടു. ആറ്റിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന യുവാവ് വള്ളത്തിൽ തരച്ചിൽ നടത്തി കുഞ്ഞിനെ കണ്ടെടുക്കുകയായിരുന്നു. ഈ സമയം പാസ്പോർട്ട് വെരിഫിക്കേഷൻ നടത്താൻ സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് ഉടൻതന്നെ ജീപ്പിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വളഞ്ഞവട്ടം ഐ.പി.സി സെമിത്തേരിയിൽ. സഹോദരങ്ങൾ: റെയ്‌ച്ചൽ, അഭി.