പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 433 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 297 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്ത് നിന്ന് വന്നവരും 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 418 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.
ഇതുവരെ ആകെ 34,141 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 29,349 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
മൂന്നു മരണം കൂടി
1) കോയിപ്രം സ്വദേശി (74) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
2) മല്ലപ്പുഴശ്ശേരി സ്വദേശിനി (48) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
3) കൊറ്റനാട് സ്വദേശിനി (90) റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
കണ്ടെയ്ൻമെന്റ് സോണുകൾ
അടൂർ മുനിസിപ്പാലിറ്റി വാർഡ് 12 (സംഗമം ജംഗ്ഷൻ, പൂവൻകുന്ന്, (സംഗമം) മലമുറ്റം ), വാർഡ് 13, ആറന്മുള ഗ്രാമപഞ്ചായത്ത് വാർഡ് ആറ് (ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ തെക്കേനട ഭാഗം, വാർഡ് 13 (എസ്.എൻ.ഡി.പി ഗുരുമന്ദിരം ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് എന്നീ പ്രദേശങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം നീക്കി
കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (വെട്ടിക്കുന്ന് കോളനി ഭാഗം ), കടപ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (പൊലീസ് സ്റ്റേഷൻ മുതൽ ബിവറേജ് റോഡ് ഭാഗം വരെ), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (ഹൗസെറ്റ് കോളനി മുതൽ കാവിൻ മേലേതിൽ ഭാഗം വരെ ) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
കൊവിഡ്: രണ്ട് സ്കൂളുകൾ അടച്ചു
തിരുവല്ല: വിദ്യാർത്ഥിക്കും അദ്ധ്യാപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല താലൂക്കിലെ രണ്ട് സ്കൂളുകൾ അടച്ചു. തിരുവല്ല ഗവ. ഗേൾസ് ഹൈസ്കൂൾ, തിരുമൂലപുരം ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് അടച്ചത്. ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ക്ലാസിൽ ഉണ്ടായിരുന്ന 9 കുട്ടികളെയും അദ്ധ്യാപകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാലികാമഠം സ്കൂളിലെ അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കം പുലർത്തിയ ആറ് അദ്ധ്യാപകരെ നിരീക്ഷണത്തിലാക്കി. രണ്ട് സ്കൂളുകളും തിങ്കളാഴ്ച അണുവിമുക്തമാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.