ad

ഇളമണ്ണൂർ: പഴമയുടെ പ്രതീകമായി സംവത്സരങ്ങളുടെ കഥപറയുകയാണ് ഇളമണ്ണൂരിലെ വീത്തുംവെള്ളം [ മോരുംവെള്ളം ] വിതരണപ്പുര. പൊതുഗതാഗതം വരുന്നതിന് മുൻപ് കായംകുളം - പുനലൂർ റോഡിലൂടെ തലച്ചുമടുമായി എത്തുന്നവർക്ക് ദാഹം അകറ്റാനായി ഇളമണ്ണൂർ പഞ്ചായത്ത് ജംഗ്ഷനിൽ കളീക്കൽ കുടുംബ ത്തിലെ പുരയിടത്തിലാണ് വെള്ളപ്പുര പ്രവർത്തിച്ചിരുന്നത്. റോഡിൽ നിന്ന് ഏകദേശം ഏഴടിയോളം ഉയരത്തിലാണിത്. കളീക്കൽ കുടുംബത്തിൽ നിന്ന് എത്തിക്കുന്ന മോരുംവെള്ളം, കല്ലുകൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ള തൊട്ടിയിൽ ശേഖരിക്കും. ചുമന്നുള്ളി, മുളക്, ഇഞ്ചി, നാരകത്തില, ഉപ്പ് എന്നിവ ചേർത്ത ശേഷം, പാള കുമ്പിൾ ഉപയോഗിച്ച് കൽതൊട്ടിയിൽ നിന്ന് കോരിയെടുക്കുന്ന മോരുംവെള്ളം മുളങ്കീറിലൂടെ റോഡിൽ നിൽക്കുന്നയാൾക്ക് ഒഴിച്ച് കൊടുക്കും. മുളങ്കീറിലൂടെ ഒഴുകിവരുന്ന മോരുംവെള്ളം കൈക്കുമ്പിളിൽ ശേഖരിച്ചാണ് കുടിച്ചിരുന്നത്. യാത്രികൻ വയറ് നിറഞ്ഞാൽ തലയാട്ടണം, അതുവരെ മോര് മുളങ്കീറിലൂടെ ഒഴിച്ചു നൽകും. ഇതായിരുന്നു അന്നത്തെ വിതരണരീതി. കാളവണ്ടിക്കാരും ചുമട്ടുകാരും കാൽനട യാത്രക്കാരും പ്രദേശവാസികളുമാണ് അന്ന് ഇൗ സംവിധാനം ഏറെ ഉപയോഗപ്പെടുത്തിയിരുന്നത്.

ചെങ്കോട്ടയിൽ നിന്ന് പറക്കോട് മാർക്കറ്റ് , ചങ്ങനാശ്ശേരി ചന്ത എന്നിവി ടങ്ങളിലേക്ക് നിരവധിയാളുകളാണ് സാധനങ്ങളുമായി പോയിരുന്നത്. തലയിൽ ചുമടുമായി വരുന്നവർക്ക് ആരുടേയും സഹായം ഇല്ലാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനും ചുമടുതാങ്ങിയും വെള്ളപ്പുരയ്ക്ക് സമീപത്തായി ഒരുക്കിയിരുന്നു.

ഗതാഗത സംവിധാനമായതോടെ ചുമടുമായി നടന്നുവരുന്നവർ ഇല്ലാതായി. മോരുംവെള്ളം കുടിക്കാനായി എത്തുന്നത് വഴിയാത്രക്കാരും സ്കൂൾകുട്ടികളും സമീപവാസികളും മാത്രമായി. എന്നാൽ നാളുകൾ ഏറെ മുന്നോട്ട് പോയതോടെ മോരുംവെള്ളം കുടിക്കാനും ആളില്ലാതായി. ഇതോടെ മോരുംവെള്ള വിതരണവും നിലച്ചു. ഇപ്പോഴും കൗതുകം ഉണർത്തി പോയകാലത്തിന്റെ സ്മരണകളുമായി മോരുംവെള്ളപ്പുര അവശേഷിക്കുന്നു.