ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ സ്ഥിരം സമിതി തിരഞ്ഞെടുപ്പ് 12ന് നടത്താൻ നിർദ്ദേശം. പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാതെ നടക്കുന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ വരണാധികാരിയുടെയും അനുമതി ലഭിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് സംബന്ധിച്ച് വരണാധികാരി ജി. അനിൽകുമാർ അംഗങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്ഥിരം സമിതികളിലേക്ക് സ്വയം നാമനിർദ്ദേശം നൽകാം. വിദ്യാഭ്യാസം, ധനകാര്യം, ആരോഗ്യം, ക്ഷേമകാര്യം എന്നീ നാല് സമിതികളാണ് നിലവിൽ വരേണ്ടത്. ഓരോന്നിലും മൂന്ന് അംഗങ്ങൾ വീതമാണ് വേണ്ടത്. മൂന്നിൽ കൂടുതൽ അംഗങ്ങൾ സമിതികളിലേക്ക് നാമനിർദ്ദേശം നൽകിയാൽ തിരഞ്ഞെടുപ്പ് നടത്തി കൂടുതൽ വോട്ട് ലഭിക്കുന്ന മൂന്നു പേരെ അംഗങ്ങളാക്കും. സ്ഥിരം സമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് സമിതി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.