പത്തനംതിട്ട : എല്ലാ ബഡ്ജറ്റിലും വലിയ തുക നീക്കി വച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പണി തീർക്കുമെന്ന് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നെങ്കിലും മഴപെയ്താൽ വള്ളംകളി കളിയ്ക്കാം സ്റ്റാൻഡിൽ. എല്ലാ മഴക്കാലങ്ങളെയും പോലെ തന്നെ ഇത്തവണയും ചെളിക്കുളങ്ങളായി മാറിയിട്ടുണ്ട് ഇവിടം. താൽക്കാലിക ആശ്വാസത്തിന് മണ്ണിട്ടും മക്കിട്ടും കുഴി നികത്തുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ ഇതുവരെ ഒരു ഭരണ സമിതിയ്ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. കെ.എസ്.ആർ.ടി.സിയ്ക്ക് കൂടെ സ്ഥലം നൽകിയതിനാലാണ് സ്റ്റാൻഡ് നവീകരണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നിലവിൽ രണ്ട് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി പണി പൂർത്തീകരിച്ച് സർവീസ് ആരംഭിക്കുമെന്ന് സ്ഥലം എം.എൽ.എ അവകാശപ്പെടുന്നുണ്ട്. മുമ്പ് പല യാത്രക്കാരും പ്രൈവറ്റ് ബസ് സ്റ്റാൻഡ് കുഴികളിൽ വീണിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യാത്രക്കാരുടേയും പ്രതിഷേധങ്ങൾ നടന്നെങ്കിലും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. ശബരിമല മണ്ഡലകാലത്തിന് മുമ്പ് കുറച്ച് കോൺക്രീറ്റ് കൊണ്ടിടും. രാത്രി പെയ്തമഴയിൽ അത് ഒലിച്ച് പോകുകയും ചെയ്യും. ദിവസവും മുന്നൂറിലേറെ ബസുകൾ കയറിഇറങ്ങുന്ന സ്റ്റാൻഡാണിത്. എന്നാൽ കൊവിഡ് പ്രതിസന്ധികാരണം ഇപ്പോൾ സർവീസുകൾ കുറവാണ് നടക്കുന്നത്. എന്നാൽ മണ്ഡലകാലമായതോടെ തീർത്ഥാടകരുടെ തിരക്കും ഉണ്ട്. മകരവിളക്കിന് ഇനി ദിവസങ്ങളെ ശേഷിക്കുന്നുള്ളു.
2016ൽ സെൻട്രൽ യാർഡ് നവീകരിച്ചതൊഴിച്ചാൽ മറ്റ് അറ്റകുറ്റ പണികൾ അടുത്ത കാലത്തൊന്നും നടന്നിട്ടില്ല. ഇടയ്ക്ക് റൂഫിംഗ് നടത്തിയിരുന്നു. ബാക്കി ഭാഗമെല്ലാം ഇപ്പോഴും ചെളിക്കുഴി തന്നെ.
കൗൺസിലിൽ ചർച്ച നടത്തിയിരുന്നു. യാർഡ് നവീകരിക്കാനുള്ള പദ്ധതി ഉടൻ തന്നെ നടപ്പാക്കും. അടുത്ത മണ്ഡലകാലത്തിന് മുമ്പായി ബസ് സ്റ്റാൻഡ് യാർഡ് ശാശ്വതമായി നിലനിൽക്കത്തക്ക രീതിയിൽ പണി പൂർത്തീകരിക്കും.
ആമിന ഹൈദ്രാലി
(നഗരസഭ വൈസ് ചെയർപേഴ്സൺ)