ചെങ്ങന്നൂർ- വ്യാജ ഒപ്പിട്ട് ഒന്നേമുക്കാൽ ലക്ഷം രൂപ അപഹരിച്ച കേസിൽ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ മുൻ കൺവീനർ സുനിൽ വള്ളിയിലിനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ.പി ശ്രീരംഗം സംസ്ഥാന പൊലീസ് മേധാവിക്കും ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിലും നൽകിയ പരാതിയെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അനിൽ.പി ശ്രീരംഗം ചെയർമാനും സുനിൽ വള്ളിയിൽ കൺവീനറുമായിരുന്ന മുൻ ഭരണസമിതിയുടെ കാലയളവിൽ അനിൽ.പി ശ്രീരംഗത്തിന്റെ വ്യാജ ഒപ്പിട്ട് സുനിൽ വള്ളിയിൽ രണ്ടു ചെക്കുകളിൽ നിന്നായി ഒന്നേമുക്കാൽ ലക്ഷം രൂപ യൂണിയന്റെ ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ചിൽ നിന്ന് അപഹരിച്ചതായാണ് പരാതി. 2018ലെ വെള്ളപ്പൊക്കസമയത്ത് അനിൽ.പി ശ്രീരംഗം താമസിക്കുന്ന ബുധനൂരിൽ വെള്ളം കയറി യപ്പോൾ യൂണിയൻ ഓഫീസിൽ എത്താതിരുന്ന കാലയളവിലാണ് തിരിമറി നടത്തിയിരിക്കുന്നത്.
ഇതിന് ശേഷം യൂണിയൻ ഒാഫിസിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് 2018 നവംബർ 25ന് യോഗം ജനറൽ സെക്രട്ടറി അഡ്മിനിട്രേറ്റി കമ്മറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷംകഴിഞ്ഞ ഒക്ടോബർ 27നാണ് എം.ബി ശ്രീകുമാർ ചെയർമാനും അനിൽപി. ശ്രീരംഗം കൺവീനറുമായി പുതിയ അഡ്ഹോക് കമ്മറ്റിയെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കള്ള ഒപ്പിട്ട് പണം ബാങ്കിൽ നിന്ന് അപഹരിച്ച വിവരം കണ്ടെത്തുന്നത്.