പത്തനംതിട്ട : ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി കേരള ഹൈക്കോടതി ജസ്റ്റിസ് സി.ടി.രവികുമാർ. അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിച്ചേർന്ന അദ്ദേഹം പുണ്യം പൂങ്കാവനം വോളന്റിയർമാരോടൊപ്പം സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അയ്യപ്പ സന്നിധിയിലേക്കെത്തുന്ന ഓരോ ഭക്തനും സന്നിധാനത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന സന്ദേശമാണ് പുണ്യം പൂങ്കാവനം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തനങ്ങളുടെ വിശദാംശങ്ങളടങ്ങിയ കൈപ്പുസ്തകം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ജസ്റ്റിസ് സി.ടി.രവികുമാറിന് കൈമാറി. ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ.രാധാകൃഷ്ണൻ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ്, പുണ്യം പൂങ്കാവനം കോഓർഡിനേറ്റർ വി.അനിൽകുമാർ, സന്നിധാനം എസ്.എച്ച്.ഒ പ്രതീഷ് കുമാർ, പുണ്യം പൂങ്കാവനം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സജി മുരളി, സുമിത്ത്, അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസർ നരസിംഹ മൂർത്തി, ശ്രീധർ, പുണ്യം പൂങ്കാവനം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് മുന്നറിയിപ്പുകൾക്ക് പ്രധാന്യം നൽകി
സന്നിധാനത്തെ അനൗൺസ്‌മെന്റ് സെന്റർ
ശബരിമല : കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിൽ നടക്കുന്ന മണ്ഡലമകരവിളക്ക് തീർത്ഥാടനമായതിനാൽ കൊവിഡ് പ്രതിരോധ സന്ദേശങ്ങൾക്കാണ് ശബരിമല സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ പബ്ലിസിറ്റി സെന്ററിൽ നിന്നുള്ള അനൗൺസ്‌മെന്റിൽ ഇത്തവണ പ്രാധാന്യം നൽകിയിരിക്കുന്നത്.
കൂട്ടം തെറ്റിയവരെ കണ്ടെത്താനും, കാണാതായ വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ലഭിക്കാനുമൊക്കെ അയ്യപ്പഭക്തർക്ക് സഹായകമായിരുന്ന സന്ദേശങ്ങൾക്ക് പകരം ഇന്ന് മൈക്കിലൂടെ എത്തുന്നത് മാസ്‌ക്ക് എങ്ങനെ ധരിക്കണം, സാനിറ്റൈസറിന്റെ ഉപയോഗം, സാമൂഹിക അകലം പാലിച്ചുള്ള അയ്യപ്പ ദർശനം എന്നതൊക്കെയാണ്. തിരക്ക് നിയന്ത്രിക്കുന്നതിലും, തീർത്ഥാടന സമയത്ത് ഭക്തർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്ന അനൗൺസ്‌മെന്റ് സംവിധാനത്തെ കൊവിഡ് മഹാമാരി മാറ്റി മറിച്ചുവെന്ന് കഴിഞ്ഞ 22 വർഷമായി കന്നഡയിലും, തെലുങ്കിലും, തമിഴിലും സന്നിധാനത്ത് അനൗൺസ്‌മെന്റ് നടത്തിവരുന്ന ബാംഗ്ലൂർ സ്വദേശിയായ ആർ.എം.
ശ്രീനിവാസ് പറഞ്ഞു.
തിരക്ക് നിയന്ത്രിച്ചതിനാൽ അനൗൺസ്‌മെന്റിന് ആവേശം കുറഞ്ഞെന്ന അഭിപ്രായമാണ് മലയാളത്തിലെ അനൗൺസറായി കഴിഞ്ഞ 21 വർഷമായി സന്നിധാനത്തെത്തുന്ന പത്തനംതിട്ട സ്വദേശി എ.പി. ഗോപാലകൃഷ്ണനുള്ളത്. എന്നിരുന്നാലും കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ നൽകുന്നതിലൂടെ നടത്തുന്ന സാമൂഹ്യസേവനം ഏറെ വിലപ്പെട്ടാതായാണ് അദ്ദേഹവും കാണുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ അഖിലാണ് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തുന്നത്. നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകരുടെ തിരക്കില്ലെങ്കിലും അനൗൺസ്‌മെന്റ് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.