പന്തളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലുൾപ്പെടെ എൽ ഡി എഫിന് ഉണ്ടായ പരാജയത്തെ തുടർന്ന് പന്തളം നഗരസഭയിലെ ലോക്കൽ കമ്മറ്റികളുടെ മേൽനോട്ടത്തിന് സി.പി.എം തീരുമാനം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു,സംസ്ഥാന സമതി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു എന്നിവർക്കാണ് പ്രവർത്തനങ്ങൾ ഏകാപിപ്പിക്കാനുള്ള ചുമതല.

പന്തളം, കുരമ്പാല, മുടിയൂർക്കോണം, കുളനട തുമ്പമൺ, തട്ട കിഴക്ക്, തട്ട പടിഞ്ഞാറ് എന്നീ ലോക്കൽ കമ്മിറ്റികളാണ് പന്തളം ഏരിയാ കമ്മറ്റിയുടെ കിഴിലുള്ളത്. പന്തളം നഗരസഭയും, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര ഗ്രാമപ പഞ്ചായത്തുകളുമാണ് ഏരിയാ കമ്മറ്റിയിൽ ഉൾപ്പെട്ടിട്ടുള്ളത് . പന്തളം തെക്കേക്കര പഞ്ചായത്തിൽ മാത്രമേ എൽ.ഡി എഫിന് ഇത്തവണ ഭരണം നിലനിറുത്താൻ കഴിഞ്ഞു ള്ളു. പന്തളം നഗരസഭയിൽ കഴിഞ്ഞ തവണ 15 സീറ്റുകൾ ലഭിച്ചിരുന്നു. ഇത്തവണ 9 പേരേ വിജയിച്ചുള്ളു. അധികാരവും നഷ്ടപ്പെട്ടു.18 സീറ്റിൽ വിജയിച്ച ബിജെപി ഭരണത്തിലെത്തി. കുളനടയിൽ ബി ജെ.പിയും, തുമ്പമണ്ണിൽ കോൺഗ്രസും ഭരണം നിലനിറുത്തി. രണ്ടിടത്തും എൽ ഡി എഫിന് ഓരോ സീറ്റ് നഷ്ടപ്പെട്ടു, ബിജെപിക്ക് ഒരു സീറ്റ് വീതം കൂടി . പന്തളം തെക്കേക്കരയിൽ ഭരണം നിലനിറുത്താൻ കഴിഞ്ഞതോടൊപ്പം ബി.ജെ.പി.യുടെയും, കോൺഗ്രസിന്റെയും ഓരോ സീറ്റുകൾ കൂടി എൽ ഡി എഫ് പിടിച്ചു.പന്തളം ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഇ.ഫസലിനെ മാറ്റി ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.ബി.ഹർഷകുമാറിന് പന്തളം ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ ചുമതല നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടങ്കിലും 12 ന് നടക്കുന്ന ഏരിയാകമ്മറ്റിക്ക് ശേഷമേ മാറ്റങ്ങൾ ഉണ്ടാകു. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ചില ലോക്കൽ കമ്മറ്റി സെക്രട്ടറിമാരെ മാറ്റി പുതിയ ആളുകൾക്ക് ചുമതല നൽകണമെന്ന് നിർദേശമുണ്ട്. എരിയാ കമ്മറ്റി അംഗം ശാന്തപ്പന്റെ തോൽവിയടക്കമുള്ള കാരണത്താൽ മുടിയൂർക്കോണം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ഉടൻമാറ്റും .മറ്റുള്ളവർക്ക് തൽക്കാലം നടപടി ഉണ്ടാകാൻ സാദ്ധ്യത കുറവാണ്.