മലയാലപ്പുഴ: ബി.എം ആൻഡ് ബി.സി.നിലവാരത്തിൽ വികസിപ്പിക്കുന്ന അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിന്റെ പണികൾ പൂർത്തിയാവുന്നു. കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കൽ മുതൽ വടശേരിക്കര പഞ്ചായത്തിലെ കുമ്പളാംപൊയ്കവരെയുള്ള 13 കിലോമീറ്റർ റോഡാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 18. 50 കോടി രൂപ മുതൽ മുടക്കി വികസിപ്പിച്ചത്. കോന്നി -റാന്നി നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് കോന്നി, മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നു. ശബരിമല തീർത്ഥാടകർക്കും ഏറെ പ്രയോജനപ്പെടുന്ന റോഡാണിത്. 1979 പി.ജെതോമസ് കോന്നി എം.എൽ.എ ആയിരുന്നപ്പോൾ ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടം കൈയേറി നാട്ടുകാർ നിർമ്മിച്ച റോഡാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഉന്നത നിലവാരത്തിൽ വികസിപ്പിച്ചിരിക്കുന്നത്. റോഡ് കടന്നു പോകുന്ന നാല് കിലോമീറ്റർ ദൂരം കുമ്പഴത്തോട്ടത്തിലൂടെയാണ്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിയും,വീതികൂട്ടിയും,വളവുകൾ നിവർത്തിയും,കലുങ്കുകൾ പുതുക്കിപ്പണിതും പുതിയ കലുങ്കുകൾ പണിതും,ഐറീഷ്ഓടകൾ നിർമ്മിച്ചും,ദിശാബോർഡുകളും, ഇടി താങ്ങികളും സ്ഥാപിച്ചുമാണ് റോഡ് വികസനം പൂർത്തിയാവുന്നത്. കോന്നി-വെട്ടൂർ-കുമ്പഴ റോഡിലെ അട്ടച്ചാക്കൽ ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന റോഡ് കുമ്പഴ വടശേരിക്കര റോഡിലെ കുമ്പളാംപൊയ്ക ചെങ്ങറമുക്ക് വരെയാണുള്ളത്.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത വികസനം നടക്കുന്നതിനാൽ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്നും കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ശബരിമല തീർത്ഥാടകരും കോന്നിയിൽ നിന്ന് വടശേരിക്കരയിലെത്താൻ ഈപാത ഇപ്പോൾ ഉപയോഗിക്കുന്നു.
-13 കിലോമീറ്റർ റോഡ്
-കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.50 കോടി മുടക്കി