ആറന്മുള: മലയാളം ഉയർത്തിപ്പിടിച്ച കരുത്തിന്റെയും കാവ്യത്തിന്റെയും പടച്ചട്ടയുടെ നാമമായിരുന്ന സുഗതകുമാരിക്ക് ജന്മനാടായ ആറന്മുള സ്മരണാജ്ഞലി അർപ്പിച്ചു. ആറന്മുള വാഴുവേലിൽ തറവാട്ടിലാണ് സുഗതാഞ്ജലി എന്ന പേരിൽ ആദരവ് സംഘടിപ്പിച്ചത്. നാടിന്റെ കവയിത്രിക്ക് സ്മരണാഞ്ജലി അർപ്പിക്കുവാൻ ആറന്മുളക്കാർ രാവിലെ തന്നെ തറവാട്ടുമുറ്റത്ത് എത്തിച്ചേർന്നു. സുഗതകുമാരിയുടെ ഛായാചിത്രത്തിനു മുമ്പിൽ നാട്ടുകാർക്കൊപ്പം അതിഥികളും പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് സുഗതാജ്ഞലി ആരംഭിച്ചത്.
സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവി, സഹോദരി സുജാദേവിയുടെ മകൻ പത്മനാഭൻ, പേരകുട്ടി വിഷ്ണു എന്നിവർ പ്രണാമം അർപ്പിക്കുവാൻ തറവാട്ടിൽ എത്തിയിരുന്നു.
സുഗതകുമാരി ഹൃദയംകൊണ്ട് പരിപാലിച്ചിരുന്ന വാഴുവേലിൽ കാവിനുള്ളിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ടാണ് ആദരവ് അർപ്പിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ കൂവളത്തിന്റെയും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഞാവലും, വീണാ ജോർജ്ജ് എം.എൽ.എ പ്ലാവുമാണ് നട്ടത്.
സുഗതകുമാരി പാടിയതും, പറഞ്ഞതും സംഗീത സാന്ദ്രമായി ആവിഷ്‌കരിച്ച് തിരുവനന്തപുരം എം.ബി.എസ് യൂത്ത് ക്വയർ സംഘം തറവാട്ടുമുറ്റത്ത് അവതരിപ്പിച്ചു. സുഗതകുമാരിയുടെ കൃഷ്ണ നീ എന്നെ അറിയില്ലേ എന്ന കവിത നയന അനിലും ഒരു രാമായണ രംഗം എന്ന കവിത ഗൗരിപ്രിയയും ആലപിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരൻ, സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എം.എൽ.എമാരായ വീണാ ജോർജ്ജ്, രാജു ഏബ്രഹാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപൻ, മാലേത്ത് സരളാദേവി, കെ.കൃഷ്ണൻകുട്ടി, സി. ബാബു, എ.പി.ജയൻ, വി.എ.സൂരജ്, കൃഷ്ണകുമാർ കൃഷ്ണവേണി, ജെ. സജീവ്, ഡോ. എ. മോഹനാക്ഷൻ നായർ, സി. ജയകുമാർ, ശ്രീധർ രാധാകൃഷ്ണൻ തണൽ, ഉഷ എസ്. തണൽ, പി. ഇന്ദുചൂഢൻ, എന്നിവർ സംസാരിച്ചു.