പത്തനംതിട്ട: മൂന്ന് മുന്നണികളും മൂന്ന് വശത്ത് നിന്ന് ആഞ്ഞ് പിടിച്ചാൽ എങ്ങോട്ടു ചായണമെന്ന കൺഫ്യൂഷനിലാകും കോന്നി നിയമസഭാ മണ്ഡലത്തിന്റെ മനസ്. രണ്ടോമൂന്നോ മാസങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ തീപാറുന്ന പോരാട്ടത്തിന് വേദിയാകുന്ന കോന്നിയിൽ ആര് സ്ഥാനാർത്ഥിയാകണം എന്ന കാര്യത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അഞ്ച് തവണ കോന്നി എം.എൽ.എ ആയ അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത് 2019 ഒക്ടോബറിലാണ്.
എൽ.ഡി.എഫ് ജനീഷിനെ വീണ്ടും പരിഗണിച്ചേക്കും
നിലവിലെ എം.എൽ.എ കെ.യു. ജനീഷ് കുമാറിന് തന്നെ എൽ.ഡി.എഫ് സീറ്റ് നൽകിയേക്കും. ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ എൽ.ഡി.എഫ് മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ കിണഞ്ഞ് ശ്രമിക്കും. കോന്നി മെഡിക്കൽ കോളേജും ആർ.ടി.ഒാഫീസും തുടങ്ങാനായത് ഒന്നര വർഷത്തിനുള്ളിലെ മികച്ച നേട്ടമായി അവതരിപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ 9 ലും എൽ.ഡി.എഫ് ഭരണത്തിലേറിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ രംഗത്ത് ഇല്ലാതിരുന്ന അടൂർ പ്രകാശ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തത് അഭ്യൂഹങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. നിലവിലെ എം.പിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീർപ്പ് വന്നതോടെ അടൂർ പ്രകാശിന് ടിക്കറ്റ് നൽകാൻ സാധ്യതയില്ള. എന്നാൽ, അദ്ദേഹം നിർദേശിക്കുന്നയാൾ സ്ഥാനാർത്ഥിയായേക്കും. ഉപതിരഞ്ഞെടുപ്പിൽ നിർദേശിച്ച വിശ്വസ്തനായ റോബിൻ പീറ്ററുടെ പേര് തന്നെ ഇത്തവണയും നൽകുമെന്നാണ് സൂചന. ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷൻ അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് റോബിൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി, പ്രമാടം ഡിവിഷനുകൾ യു.ഡി.എഫിന് നിലനിറുത്താനായത് അടൂർ പ്രകാശ് നിർദേശിച്ചവർ മത്സരിച്ചതുകൊണ്ടാണെന്ന് കോൺഗ്രസ് നേതൃത്വത്തിനറിയാം. പ്രമാടത്ത് റോബിൻ പീറ്ററിന് വേണ്ടിയും കോന്നിയിൽ അജോമോന് വേണ്ടിയുമുള്ള പ്രചരണത്തിന് അടൂർ പ്രകാശ് ദിവസങ്ങളോളം മണ്ഡലത്തിൽ തങ്ങിയിട്ടുണ്ട്. അയ്യായിരത്തിലേറെ ഭൂരിപക്ഷത്തിനാണ് റോബിൻ വിജയിച്ചത്.
ബി.ജെ.പി വിജയസാദ്ധ്യതയുള്ള എ ക്ളാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് കോന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കെ.സുരേന്ദ്രൻ കോന്നിയിലെ വോട്ടുകൾ ഇരട്ടിപ്പിച്ചത് നിലനിറുത്താനായത് ബി.ജെ.പി പ്രതീക്ഷ നൽകുന്നു. സുരേന്ദ്രൻ അല്ലെങ്കിൽ പ്രമുഖനായ മറ്റൊരു നേതാവിനെ കോന്നിയിലേക്ക് പരിഗണിക്കും.
2019 ഉപതിരഞ്ഞെടുപ്പ്
ജനീഷ് കുമാർ എൽ.ഡി.എഫ് : 54099
പി.മോഹൻരാജ് യു.ഡി.എഫ് : 44146
കെ.സുരേന്ദ്രൻ എൻ.ഡി.എ : 39786
ജനീഷ് കുമാറിന്റെ ഭൂരിപക്ഷം : 9953
2019 പാർലമെന്റ്
ആന്റോ ആന്റണി (യു.ഡി.എഫ്) : 49,667
വീണാജോർജ് (എൽ.ഡി.എഫ്) : 46,946
കെ.സുരേന്ദ്രൻ (എൻ.ഡി.എ) : 46,506
ആന്റോ ആന്റണിയുടെ ലീഡ് : 2721
2016 നിയമസഭ
അടൂർ പ്രകാശ് (യു.ഡി.എഫ്) : 72,800
ആർ.സനൽകുമാർ (എൽ.ഡി.എഫ്) : 52,052
ഡി.അശോക് കുമാർ (എൻ.ഡി.എ) :16,713
അടൂർ പ്രകാശിന്റെ ലീഡ് : 20,748