sabari
ഇന്നലെ ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകരുടെ നിര പതിനെട്ടാംപടി മുതൽ ശ്രീകോവിൽവരെ നീണ്ടപ്പോൾ

ശബരിമല : മകരവിളക്കിന്റെ ദർശനപുണ്യം നുകരാനും തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പസ്വാമിയുടെ ദീപാരാധന കണ്ടുതൊഴാനും തീർത്ഥാടകർക്ക് സന്നിധാനത്ത് ക്രമീകരണങ്ങളായി. 14ന് ആണ് മകരവിളക്കും തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും. അന്ന് പുലർച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യ ദർശനവും അഭിഷേകവും നടക്കും. തുടർന്ന് മണ്ഡപത്തിൽ ഗണപതി ഹോമം. 7.30 ന് ഉഷപൂജ. 8.14ന് ഭക്തിനിർഭരമായ മകരസംക്രമപൂജ നടക്കും. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ് തേങ്ങയിലെ നെയ്യ് വിഗ്രഹത്തിൽ അഭിഷേകം നടത്തി ചെയ്യുന്നതാണ് മകരസംക്രമ പൂജ. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. 25 കലശാഭിഷേകത്തിനു ശേഷം 12.30 ന് ഉച്ചപൂജ നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും. 5.15 ന് ക്ഷേത്ര ശ്രീകോവിലിൽ പൂജിച്ച മാലകൾ അണിഞ്ഞ് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയിൽ സ്വീകരണ ചടങ്ങുകൾ നടക്കും. 6.20ന് സന്നിധാനത്തേക്ക് എത്തിക്കുന്ന തിരുവാഭരണ പേടകങ്ങൾക്ക് പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരും ചേർന്ന് ആചാരപ്രകാരം സ്വീകരണം നൽകും.
തുടർന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിലിന് അകത്തേക്ക് ഏറ്റുവാങ്ങും. ശേഷം 6.30ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും. രാത്രി മണി മണ്ഡത്തിൽ കളമെഴുത്തും പാട്ടും പൂജയും നടക്കും. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്തിനും ആരംഭമാകും.

20ന് നടയടയ്ക്കും

15, 16, 17,18 തീയതികളിൽ എഴുന്നെള്ളത്ത് നടക്കും. 19 ന് ആണ് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്. അന്ന് രാത്രി ഒൻപതിന് ഹരിവരാസനം പാടി നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുസി നടക്കും. 19 വരെ മാത്രമെ ഭക്തർക്ക് പ്രവേശനം ഉണ്ടാവുകയുള്ളു. 20ന് പുലർച്ചെ അഞ്ചിന് നട തുറക്കും. 5.30ന് ഗണപതി ഹോമം.തുടർന്ന് രാജകുടുംബാംഗങ്ങൾ ദർശനം നടത്തിയശേഷം നട രാവിലെ 6.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഇതോടെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.