ayyapa

പന്തളം: മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. അതിനുള്ളള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള യാത്ര നയിക്കും. കലശക്കുടവും പൂജാപാത്രങ്ങളുമടങ്ങിയ പെട്ടിയുമായി മരുതമന ശിവൻപിള്ളയും കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും സംഘാംഗങ്ങളും അനുഗമിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10വരെ മാത്രമെ ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കുകയുള്ളൂ. 11.30ഓടെ തിരുവാഭരണ മാളികയിലെ സ്‌ട്രോംഗ് റൂമിൽ നിന്ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിക്കും. ആശൂലമായതിനാൽ ഘോഷയാത്രയ്ക്കു നേതൃത്വം നല്കാൻ രാജപ്രതിനിധിയുണ്ടാകില്ല. വലിയ തമ്പുരാൻ രാജപ്രതിനിധിയ്ക്ക് ഉടവാൾ കൈമാറുന്ന ചടങ്ങും ഉണ്ടാകില്ല. ക്ഷേത്രത്തിൽ തിരുവാഭരണദർശനം ഉണ്ടായിരിക്കില്ല.

പന്തളത്ത് നിന്ന് പുറപ്പെട്ടാൽ ശബരിമലയിൽ ഭഗവാനു ചാർത്താൻ മാത്രമെ പെട്ടി തുറക്കുകയുള്ളൂ. എന്നാൽ, മടക്കയാത്രയിൽ പെരുനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനു തിരുവാഭരണം ചാർത്തുന്ന ആചാരം മുടക്കില്ല. ഇവിടെ ഭക്തർക്കു നാലമ്പലത്തിനുള്ളിൽ പ്രവേശനമുണ്ടാകില്ല. യാത്രയ്ക്കിടയിൽ മുൻകാലങ്ങളിലേതുപോലെ പതിവു സ്ഥലങ്ങളിൽ തിരുവാഭരണ പേടകങ്ങൾ ഇറക്കി വയ്ക്കും. ഒരിടത്തും തിരുവാഭരണ ദർശനം ഉണ്ടാകില്ല. പ്രത്യേകം തയ്യാറാക്കിയ പീഠത്തിലാകും പേടകങ്ങൾ ഇറക്കിവയ്ക്കുക.
മാലയിട്ടോ ഷാളണിയിച്ചോ ഉള്ള സ്വീകരണങ്ങൾ വിലക്കിയിട്ടുണ്ട്. പകരം, കർപ്പൂരാഴി ഉഴിഞ്ഞുള്ള സ്വീകരണമേ അനുവദിക്കൂ. സമർപ്പണങ്ങളൊന്നും തന്നെ പാടില്ല. എന്നാൽ, ആചാരത്തിന്റെ ഭാഗമായുള്ള പെരുനാട്ടിലെ സമർപ്പണം ഉണ്ടാകും. പെട്ടികളിൽ തൊട്ടു തൊഴാനും അനുവദിക്കില്ല. അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് ആദ്യദിനം ഘോഷയാത്രാ സംഘം രാത്രിയിൽ വിശ്രമിക്കുന്നത്. രണ്ടാംനാൾ രാത്രിയിൽ ളാഹ സത്രത്തിലും.

ഘോഷയാത്രയെ അനുഗമിക്കുന്നതിൽ

ഭക്തർക്ക് വിലക്ക്

മുൻകാലങ്ങളിൽ ഘോഷയാത്രയ്‌ക്കൊപ്പം ആയിരക്കണക്കിനു ഭക്തരും കാൽനടയായി ശബരിമലയ്ക്കു പോയിരുന്നു. ഇക്കുറി അതു കർശനമായി വിലക്കിയിരിക്കുകയാണ്. തിരുവാഭരണ പാതയിൽ കാത്തുനിന്നു ഭക്തർ ഇടയ്ക്കുവച്ചു ഘോഷയാത്രയിൽ പങ്കെടുക്കുന്നതും കർശനമായി തടയും. തിരുവാഭരണം സ്‌പെഷൽ ഓഫീസർ എസ്. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള 130 അംഗ സംഘത്തിന് പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമൻഡാന്റ് പി.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 30 അംഗ സായുധ പൊലീസ് സംഘം സുരക്ഷയൊരുക്കി കൂടെയുണ്ടാകും.