25 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ക്ലാസ് മുറിയെപ്പറ്റി ചിന്തിച്ചു നോക്കൂ. അത്തരം ക്ലാസിൽ പഠിച്ചു വന്നവരാകും മിക്കവാറും ഇന്നത്തെ എല്ലാ രക്ഷിതാക്കളും. എന്താണ് അവിടെ നടന്നിരുന്നത്? അദ്ധ്യാപിക ക്ലാസെടുക്കുന്നു. കുട്ടികൾ കേട്ടുകൊണ്ടിരിക്കുന്നു. ഒന്നും മനസിലാകാതെ അന്തം വിട്ടിരിക്കുന്ന കുറെ കുട്ടികൾ! സംശയങ്ങൾ ചോദിക്കാനാകാതെ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു ചിലർ. അഭിപ്രായങ്ങളും അനുഭവങ്ങളും പറയുന്നതിന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ മറ്റു ചിലർ. ഇതായിരുന്നു ക്ലാസിലെ പൊതു സ്ഥിതി. പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമായി കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും പഠിക്കുന്ന രീതി രൂപപ്പെട്ടു കഴിഞ്ഞു. ചർച്ചകൾ, സംവാദങ്ങൾ, ലഘു പരീക്ഷണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ ക്ലാസിൽ നടക്കുന്ന സംഘ പ്രവർത്തനങ്ങളാണ്. സംഘത്തിലെ മുഴുവൻ കുട്ടികളുടെയും മുന്നനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുകയാണ് ഇവിടെ. അവ ഒന്നിച്ചു ചേരുമ്പോൾ പുതിയ ചോദ്യത്തിന് അല്ലെങ്കിൽ പ്രശ്‌നത്തിനുള്ള ഉത്തരത്തിലേക്കാവും അവർ എത്തിച്ചേരുക. അദ്ധ്യാപികയുടെ സഹായം കൂടിയാകുമ്പോൾ അത് പൂർണതയിലേക്കെത്തും. പാഠ പുസ്തകത്തിൽ ഇല്ലാത്ത എത്രയെത്ര അറിവുകൾ അവിടെ രൂപപ്പെടുന്നു! കുട്ടികൾ തന്നെ ഉത്തരം തേടുന്നതും അത് കണ്ടെത്തുന്നതുമായ പഠനം.

സംഘ പഠന സാദ്ധ്യതകൾ


ഓരോ സംഘത്തിലെയും കുട്ടികളുടെയും അദ്ധ്യാപകരുടെയും അനുഭവങ്ങളും അറിവുകളും ജനാധിപത്യ രീതിയിൽ പങ്കുവയ്ക്കുകയാണിവിടെ. എല്ലാവർക്കും തുല്യ പരിഗണന.തന്റെ കഴിവുകൾ / അറിവുകൾ എത്രമാത്രമെന്നു സ്വയം വിലയിരുത്താൻ ഓരോ കുട്ടിയ്ക്കും അവസരം. വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആശയങ്ങളും സ്വീകരിച്ച് സ്വയം മെച്ചപ്പെടാനും കഴിയും. തന്റെ അനുഭവങ്ങളും അഭിപ്രായ നിർദേശങ്ങളും കൂടി സംഘാംഗങ്ങൾ പരിഗണിക്കുന്നുവെന്നു കാണുമ്പോൾ പഠനത്തിൽ കൂടുതൽ താത്പര്യവും ആത്മവിശ്വാസവുമാണ് കുട്ടിക്കുണ്ടാകുന്നത്. കൂട്ടായ പഠനത്തിന്റെ ആനന്ദം ആസ്വദിക്കുകയാണിവിടെ. മനുഷ്യൻ സാമൂഹ്യ ജീവിയാണെന്നും അതുകൊണ്ട് സമൂഹത്തിൽ ജീവിക്കാൻ വേണ്ട അടിസ്ഥാന കഴിവുകൾ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ നേടണമെന്നും പണ്ടു മുതലേ വിദ്യാഭ്യാസസാമൂഹിക ചിന്തകർ നമ്മോടു പറയുന്നു. അഭിപ്രായങ്ങൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള ഊഴം കാക്കൽ, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കൽ,പ്രശ്‌നങ്ങളെ യുക്തിപൂർവം സമീപിക്കൽ, സ്വന്തം കാഴ്ചപ്പാടുകളിൽ തെറ്റുണ്ടെങ്കിൽ തിരുത്തൽ, കാര്യക്ഷമമായ ആശയ വിനിമയം നടത്തൽ തുടങ്ങി സാമൂഹ്യ ജീവിതത്തിനാവശ്യമായ ഇടപെടൽ രീതികൾ ഇതിലൂടെ പഠിക്കുന്നു. നല്ല മാർക്കോ ഗ്രേഡോ വാങ്ങി വിജയിക്കുമ്പോഴും നമ്മുടെ മിക്ക കുട്ടികൾക്കും ഇല്ലാതെ പോകുന്നതും ഇവ തന്നെയാണ്. സാമൂഹ്യ ജീവിതത്തിനുള്ള പരിശീലനമാണ് യഥാർത്ഥത്തിൽ സംഘപീനം. വിദ്യാലയങ്ങളിലും വീടുകളിലും കുട്ടികൾ നടത്തുന്ന ലഘു പരീക്ഷണങ്ങൾ, പഠനോപകരണ നിർമ്മാണം, ചർച്ചകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം. എന്നാൽ, കുട്ടിക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലാകണം ഇത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.