തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും തിരുവല്ല താലൂക്കിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് 15 വീടുകൾ ഭാഗീകമായി തകർന്നു. ഞായറാഴ്ച വൈകിട്ടും ഇന്നലെ പുലർച്ചെയുമായുണ്ടായ ശക്തമായ മഴയിലാണ് നാശമുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തിരുവല്ല, മണിപ്പുഴ സെക്ഷൻ പരിധികളിലായി വൈദ്യുത പോസ്റ്റുകൾക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് 15 പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുത കമ്പികൾ പൊട്ടിവീണു. വിവിധ ഭാഗങ്ങളിൽ മരങ്ങൾ റോഡിലേക്കടക്കം കടപുഴകി വീണു. തുകലശേരി മാനാങ്കേരിൽ വീട്ടിൽ സോമരാജന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇടിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ സോമരാജന്റെ ഭാര്യ ജയശ്രീയെ സമീപവാസികൾ ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. തലയ്ക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റ ജയശ്രീ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുറ്റൂർ പഞ്ചായത്ത് ആറാം വാർഡിൽ ഓതറ വെളിയാമ്പള്ളി മോടിയിൽ ബിജു ജോൺ, തിരുവല്ല ഐക്കാട് ഭാഗണ് പ്ലാന്തറ കിഴക്കേതിൽ അബ്ദുൾ ബഷീർ, മതിൽ ഭാഗം ഊരയിൽ മഠത്തിൽ നീലകണ്ഡൻ പിള്ള , തുകലശ്ശേരി താഴത്തു പറമ്പിൽ ടി.കെ ജോർജ് കുട്ടി എന്നിവരുടെ വീടുകൾക്കാണ് മരം വീണ് ഭാഗീകമായ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്ര വളപ്പിൽ നിന്നിരുന്ന മരം കടപുഴകി വീണതിനെ തുടർന്ന് പുതുക്കുളങ്ങര - കോതേകാട്ട് റോഡിലെ മൂന്ന് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് നിലം പതിച്ചു. മതിൽ ഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.അമ്പിളി ജംഗ്ഷനിലെ നഗരസഭാ പാർക്കിൽ നിന്നിരുന്ന മരത്തിന്റെ ശിഖരം അഞ്ചൽ കുറ്റി റോഡിലേക്ക് ഒടിഞ്ഞു വീണു. താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന മാവിന്റെ വൻ ശിഖരം തിരുവല്ല - മാവേലിക്കര റോഡിലേക്ക് ഒടിഞ്ഞു വീണു.

------------------------

നാശനഷ്ടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

കെ.ആർ സുധാമണി

(ഡെപ്യൂട്ടി തഹസിൽദാർ)

-15 വീടുകൾ തകർന്നു

- വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു

- 15 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു

- വിവിധ ഭാഗങ്ങളിൽ മരം കടപുഴകി വീണു

-ഗതാഗതം ഭാഗീകമായി തകർന്നു