പത്തനംതിട്ട: അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായിരിക്കെ സ്വദേശി ദർശൻ എന്ന പേരിൽ സംസ്ഥാനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 268 കോടിയുടെ മൂന്ന് വലിയ പദ്ധതികൾ പണമനുവദിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വെളിച്ചം കണ്ടില്ല.
പരിസ്ഥിതി, തീർത്ഥാടക ടൂറിസം വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയ പദ്ധതികളാണിവ . ആദ്യഘട്ടമായി 155 കോടി നൽകിയെങ്കിലും, പദ്ധതി മുന്നോട്ടു കൊണ്ടുപോകാത്തതിനാൽ തുടർന്നുള്ള ഫണ്ട് വിതരണം തടഞ്ഞു. ചെലവഴിച്ചതിന്റെ കണക്ക് ചോദിച്ചിരിക്കുകയാണ് കേന്ദ്രം.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശബരിമല - ആറൻമുള - തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം തീർത്ഥാടക സർക്യൂട്ട്, പത്തനംതിട്ട - ഗവി - വാഗമൺ - തേക്കടി പരിസ്ഥിതി സൗഹൃദ ടൂറിസം എന്നിവയാണ് പദ്ധതികൾ. ഇതിൽ,ശബരിമലയുമായി ബന്ധപ്പെട്ട പദ്ധതികൾ മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയിരുന്നു. പമ്പയിൽ പുതിയ ടോയ് ലറ്റുകൾ, നിലയ്ക്കലിൽ പാർക്കിംഗ് ഏരിയ വിപുലപ്പെടുത്തൽ, കാത്തിരിപ്പ് കേന്ദ്രം, ക്ളോക്ക് റൂം, പമ്പയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നുള്ള നടപ്പാത തുടങ്ങിയവ പദ്ധതിയിലുണ്ടായിരുന്നു. .
*പത്തനംതിട്ട - ഗവി - വാഗമൺ - തേക്കടി ടൂറിസം
ചെലവ് -76.55 കോടി
അനുവദിച്ചത് -61.24 കോടി
*ശബരിമല - ആറൻമുള- പത്മനാഭ സ്വാമി ക്ഷേത്രം തീർത്ഥാടക സർക്ക്യൂട്ട്
ചെലവ് -92.22 കോടി
അനുവദിച്ചത് -73.77 കോടി
*ശബരിമല - എരുമേലി - പമ്പ - സന്നിധാനം
ചെലവ് -99.99 കോടി
അനുവദിച്ചത് -20 കോടി.
'' അനുവദിച്ച തുകയിൽ ഒന്നും ചെലവായിട്ടില്ല. സംസ്ഥാന സർക്കാർ താൽപ്പര്യം കാണിച്ചില്ല. ഇനി നടപ്പാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
-അൽഫോൺസ് കണ്ണന്താനം,
മുൻ കേന്ദ്രമന്ത്രി.
'' കേന്ദ്ര സർക്കാരിന്റെ കൺസൾട്ടന്റ് തയ്യാറാക്കിയ ചില പ്ളാനുകൾ ശബരിമലയുടെ പരിസ്ഥിതിക്ക് യോജിച്ചതായിരുന്നില്ല. പുതുക്കിയ പ്ളാൻ അനുസരിച്ച് നിർമാണം തുടങ്ങാൻ പമ്പയിലെ വെള്ളപ്പൊക്കം തടസമായി. പുതിയ എസ്റ്റിമേറ്റെടുത്തിട്ടുണ്ട്.
-എൻ. വാസു,
തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ്.