ശബരിമല : ഗിരിദേവതകളെ വണങ്ങുകയെന്ന സങ്കൽപ്പത്തോടെ ശബരിമല സന്നിധാനത്ത് നടത്തുന്ന ഏറ്റവും പ്രാധാന്യമേറിയ വഴിപാടാണ് പടിപൂജ. ആദ്യ കാലത്ത് ദേവതാ പൂജ എന്നറിയപ്പെട്ടിരുന്ന ചടങ്ങാണ് പിന്നീട് പടി പൂജയെന്ന പേരിൽ പ്രസിദ്ധമായത്. സന്നിധാനത്തെ ഏറ്റവും ചെലവേറിയ വഴിപാടാണിത്. അയ്യപ്പന്റെ കാവൽക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടു പടികളും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച് വിളക്കുകൾ കത്തിച്ചാണ് പൂജ നടത്തുന്നത്. പതിനെട്ട് മലകളിലേയും ദേവതകളെ ആവാഹിച്ചതാണ് സന്നിധാനത്തേക്കുള്ള പതിനെട്ട് പടികൾ എന്നുള്ളതാണ് പടിപൂജയുടെ സങ്കൽപ്പം.
മുൻകാലങ്ങളിൽ 12 വർഷത്തിലൊരിക്കലും പിന്നീട് വർഷത്തിൽ ഒരു തവണയുമൊക്കെയായിരുന്നു പടിപൂജ നടത്തിയിരുന്നത്. എന്നാൽ, ഇന്ന് വഴിപാടുകാരുടെ എണ്ണം കൂടിയതോടെ ഓഫ് സീസണിൽ പടിപൂജ നടത്തുക പതിവാണ്. മണിക്കൂറുകളോളം പതിനെട്ടാം പടിയിലൂടെയുള്ള സന്നിധാന ദർശനം തടസപ്പെടും എന്നതിനാലാണ് ഉത്സവകാലങ്ങളിൽ പടിപൂജ ഒഴിവാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചതിനാലാണ് മണ്ഡലമകരവിളക്ക് കാലത്തോട് അനുബന്ധിച്ച് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പടി പൂജ നടത്തിയത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് മേൽശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവരുടെ കാർമ്മികത്വത്തിലാണ് പടിപൂജ നടന്നത്.
മകരവിളക്കിന് ശേഷം ജനുവരി 15 മുതൽ 19 വരെയുള്ള ദിവസങ്ങളിലും പടിപൂജ നടക്കും. 2037 വരെയുള്ള പടിപൂജകൾ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. 75000 രൂപയാണ് നിലവിൽ പടിപൂജയ്ക്കുള്ള നിരക്ക്.