അടൂർ: പാടശേഖര സമിതിയുടെ സംഘശക്തിയിൽ ഇക്കുറിയും പന്നിവിഴ കൊക്കാട്ട്പടി എലായിൽ കൊയ്തെടുത്തത് നൂറ്മേനി വിളവ്. അടൂർ നഗരസഭയുടെ വിവിധ വാർഡുകളിലേയും പാടശേഖരങ്ങൾ മറ്റ് വിളകൾക്ക് വഴിമാറിയപ്പോൾ ഒരു സംഘം ചെറുപ്പക്കാരാണ് അന്യം നിന്നുപോയ നെൽകൃഷി കൊക്കാട്ടുപടി ഏലായിൽ നിലനിറുത്തുന്നതിന് കഠിന പ്രയത്നം നടത്തിയത്. അതിന്റെ ഫലം തുടർച്ചയായി 15-ാം വർഷവും കൊയ്തെടുത്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഈ ഏലായിലെ 12 ഏക്കറോളം വരുന്ന സ്ഥലത്ത് ഇക്കുറി ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷി ചെയ്തത്. ഓരോ ഘട്ടത്തിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് നൽകിയ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കൃഷിനടത്തിയതിനാൽ മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാടശേഖര സമിതി. കൊയ്ത്തുത്സവം നെല്ല് കൊയ്തെടുത്ത് ചിറ്റയം ഗോപകുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. എം.ജെ.ബാബു, കെ.വിധു, ബോബിമാത്തുണ്ണി, എൻ.ഹരിദാസ്, മോഹൻദാസ് പനയ്ക്കൽ,കോശി പൗർണ്ണമി,വാസുദേവൻ, പി.പാപ്പച്ചൻ, വൈ.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാടശേഖര സമിതിയാണ് നഗരസഭയിൽ നെൽകൃഷി നിലനിറുത്തിയിരിക്കുന്നത്.
-12 ഏക്കറിലെ നെൽക്കൃഷി
- ഉമ ഇനത്തിൽപ്പെട്ട നെൽവിത്ത്