road

മല്ലപ്പള്ളി : തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡിന്റെ നിർമ്മാണം കോടതി വ്യവഹാരത്തെ തുടർന്ന് വൈകാൻ സാദ്ധ്യത. കിഫ്ബി പദ്ധതിയിൽ 81.5 കോടി രൂപ അനുവദിച്ച് ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വസ്തു ഉടമസ്ഥർ കോടതിയെ സമീപിച്ചത്. റോഡ് നിർമ്മാണത്തിന് കരാറുവച്ച റോഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ കേരള ലിമിറ്റഡ് (റിക്ക്) സർവേ നടപടികൾ പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കുന്നതിനായി അതിരുകുറ്റികൾ സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥലം നൽകേണ്ട 67 വ്യക്തികൾ കോടതിയെ സമീപിച്ചത്.

ഏറ്റെടുക്കുന്ന വസ്തുവിന് ന്യായമായ വില നൽകാൻ ആകെയുള്ള 81.5 കോടി രൂപയിൽ 10.5 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്.

പദ്ധതി നടത്തിപ്പിന് മുന്നോടിയായുള്ള സാമൂഹ്യ ആഘാത പഠനത്തിന് കളമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന രാജഗിരി എജ്യുക്കേഷണൽ ഓൾട്രനേറ്റീവ് ആൻഡ് കമ്യൂണിറ്റി ഹെൽത്ത് സർവീസസ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കോടതി നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ നിർമ്മാണം അനിശ്ചതമായി നീളാനാണ് സാദ്ധ്യത.

ചേലക്കൊമ്പ് - മല്ലപ്പള്ളി :

നീളം : 5 കീലോമീറ്റർ

വീതി : 9 മീറ്റർ

മല്ലപ്പള്ളി - തിരുവല്ല

നീളം : 15 കീലോമീറ്റർ

വീതി : 12 മീറ്റർ

റോഡ് കടന്നുപോകുന്ന വില്ലേജുകളും ഏറ്റെടുക്കുന്ന വസ്തുവും [അളവ് സെന്റിൽ‌ ]

ആനിക്കാട് : 37, മല്ലപ്പള്ളി : 46, കല്ലൂപ്പാറ : 178, കുന്നന്താനം : 155, പായിപ്പാട് : 57, കുറ്റപ്പുഴ : 224