12-sinil-mundapally
147 നമ്പർ മങ്ങാരം ശാഖ സംഘടിപ്പിച്ച പ്രവർത്തകയോഗം സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പന്തളം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രകാശനം ചെയ്ത ലോഗോയിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ഉൾപ്പെടുത്താതിരിക്കുകയും വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുവചനം വികലമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് എസ്.എൻ.ഡി. പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ആവശ്യപ്പെട്ടു. 147 നമ്പർ മങ്ങാരം ശാഖ സംഘടിപ്പിച്ച പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതൊരു സ്ഥാപനത്തിന്റെയും ലോഗോയും ആദർശ വാക്യവും ആ സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനെയും ദൗത്യത്തെയും പ്രതീകവല്ക്കരിക്കുന്നതാകണം. എന്നാൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ലോഗോയും ആദർശ വാക്യവും ഇതിനു നേരെ വിരുദ്ധമാണ്.ഗുരുവിന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' എന്ന ആശയം 'ലിബറേഷൻ ത്രൂ എഡ്യൂക്കേഷൻ ' എന്ന നിലയിൽ വികലമായി തർജിമ ചെയ്താണ് സ്ഥാപനത്തിന്റെ മോട്ടോ ആയി സ്വീകരിച്ചിരിക്കുന്നത്. അത് കൃത്യമായ തർജ്ജിമ അല്ലെന്ന് മനസിലാക്കി അടിയന്തരമായി ലോഗോയും മോട്ടോയും പിൻവലിക്കണമെന്നും മുണ്ടപ്പള്ളി ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് രത്മമണി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമാരായ എസ്.ആദർശ് ,സുരേഷ് മുടിയൂർക്കോണം ,രാജീവ് മങ്ങാരം, കെ.എസ്.നീലകണ്ഠൻ എം.എം ബാബു വിലാസിനി ,ഗോമതി ദാസ് ,പ്രദീപ് ഐശ്വര്യ ,വിജയൻ എന്നിവർ സംസാരിച്ചു. പന്തളം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രത്‌നമണിസുരേന്ദ്രൻ , രശ്മി രാജീവ് എന്നിവരെ യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽമുണ്ടപ്പള്ളിപൊന്നാടയണിയിച്ച് ആദരിച്ചു. പുതുതായി നിർമ്മിക്കുന്ന ഗുരുക്ഷേത്ര ശിലാന്യാസം 28 നടത്തുവാനും യോഗം തീരുമാനിച്ചു.