കോന്നി : ചൈനാമുക്ക് ഗുരുമന്ദിരം പടി - മഠത്തിൽകാവ് -പുളിയ്ക്കപ്പതാലിൽ റോഡിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മത്തിൽകാവ് ഏലായിൽ കൂടി കടന്നു പോകുന്ന റോഡ് വീതി കൂട്ടി നവീകരിച്ച് സൗന്ദര്യവത്കരിക്കുന്നതിനായി കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചത്. കോന്നി പഞ്ചായത്തിലെ 14-ാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന് വളരെയധികം പ്രാധാന്യമുണ്ട്. മഠത്തിൽകാവ് ക്ഷേത്രത്തിലേക്കും, ചൈനാ മുക്ക് ഗുരുമന്ദിരത്തിലേക്കും, എൻ.എസ്.എസ് കോളേജിലേക്കുമൊക്കെ പോകുന്നതിന് ഉപയോഗിക്കുന്ന റോഡാണിത്. ഏലായ്ക്ക് നടുവിലൂടെ കടന്നുപോകുന്ന ഭാഗം ഏവരേയും ആകർഷിക്കുന്നതുമാണ്. രണ്ട് മീറ്റർ വീതിയിൽ പൂട്ടുകട്ട നിരത്തിയാണ് റോഡിന് വീതി കൂട്ടുന്നത്. സൈഡിൽ കോൺക്രീറ്റും ചെയ്യും.75 മീറ്റർ നീളത്തിൽ ഓടയ്ക്ക് സ്ലാബ് നിർമ്മിക്കും. മഠത്തിൽകാവ് ഏലായിൽ റോഡ് കടന്നു പോകുന്ന ഭാഗത്ത് ചാരുബഞ്ച് സ്ഥാപിക്കും. ചാരു ബഞ്ചിനോട് ചേർന്ന് റെഡ് പാം നട്ടുപിടിപ്പിക്കും. റോഡിന്റെ ഇരുവശവും വേലിയും നിർമ്മിച്ച് അതിൽ പൂചെടികൾ സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കും. റോഡ് വക്കിൽ തണൽവൃക്ഷങ്ങളും നട്ടു പിടിപ്പിക്കും
വൈകുന്നേരങ്ങളിൽ ആളുകൾക്ക് കാറ്റേറ്റിരിക്കാനും, വയലിന്റെ മനോഹാരിത ആസ്വദിക്കാനും കഴിയുന്ന നിലയിൽ റോഡ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്.
കെ.യു ജനീഷ് കുമാർ
(എം.എൽ.എ)