cpm

പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലുണ്ടായ തോൽവിയുടെ കാരണം തേടിയിറങ്ങിയ സി.പി.എം നേതൃത്വം അച്ചടക്ക നടപടി തുടരുന്നു. പന്തളത്ത് ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നീക്കിയതിന് പിന്നാലെ കോയിപ്രം, കവിയൂർ, ചിറ്റാർ പഞ്ചായത്തുകളിലും നപടികളായി.

പുല്ലാട്, കവിയൂർ ലോക്കൽ സെക്രട്ടറിമാരായ സി.എസ്.മനോജ്, കെ. സോമൻ എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ഇരവിപേരൂർ ഏരിയ കമ്മിറ്റിയോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയംഗവും മുൻ ഇരവിപേരൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ജി. അജയകുമാറിനാണ് പുല്ലാടിന്റെ ചുമതല. കവിയൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടക്കുന്ന 20വരെ സോമൻ തുടരും. 16 മുതൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ഓരോ ബ്രാഞ്ചുകളിലും തിരഞ്ഞെടുപ്പ് അവലോകനം നടക്കും. അതിന് ശേഷമായിരിക്കും കൂടുതൽ നടപടി.
കോയിപ്രം ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിനേക്കാൾ വലിയ ഒറ്റകക്ഷിയായി സി.പി.ഐ മാറി. പഞ്ചായത്തിലെ 9ാം വാർഡിൽ ഇരു പാർട്ടികൾ തമ്മിൽ മത്സരം നടന്നതും നപടിക്ക് കാരണങ്ങളായി.
പരമ്പരാഗതമായി സി.പി.എമ്മിന് ലഭിച്ചുകൊണ്ടിരുന്ന എസ്.എൻ.ഡി.പി, പിന്നാക്ക, ദളിത് വോട്ടുകൾ നഷ്ടമായത് ലോക്കൽ കമ്മിറ്റിയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. എസ്.എൻ.ഡി.പി വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നത് ദയനീയ തോൽവിക്ക് കാരണമായി. സമുദായത്തിലെ പാർട്ടി അംഗങ്ങളിൽ അർഹതയുള്ളവരെ മത്സരിപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ആരെയും പരിഗണിച്ചില്ല.

ബി.ജെ.പി മുന്നേറ്റം തിരിച്ചറിയുന്നതിലും ലോക്കൽ നേതൃത്വം പരാജയപ്പെട്ടു. അഞ്ച് വാർഡുകളിൽ ബി.ജെ.പി വിജയിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലർ നടത്തിയ പണപ്പിരിവിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.
കവിയൂരിൽ പാർട്ടിക്കേറ്റ കനത്ത പരാജയവും ബി.ജെ.പി ഭരണം പിടിച്ചതും ഗൗരവമായി കാണണം. സി.പി.എമ്മിലെ സ്ഥാനാർത്ഥി നിർണയമാണ് ഇവിടെ ഭരണം നഷ്ടപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപൻ, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ പങ്കെടുത്ത ഇരവിപേരൂർ ഏരിയാ കമ്മിറ്റിയോഗമാണ് നടപടിയെടുത്തത്.

ചിറ്റാർ: ചിറ്റാർ പഞ്ചായത്തിൽ എം.എസ്.രാജേന്ദ്രൻ അടക്കമുള്ള ചില സി.പി.എം സ്ഥാനാർത്ഥികളുടെ തോൽവിയുടെ കാരണം പാർട്ടി പരിശോധിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം പരിഗണിച്ചിരുന്ന എം.എസ്. രാജേന്ദ്രനെ തിരഞ്ഞെടുപ്പിൽ തോല്പിച്ചയാളെ പ്രസിഡന്റു പദവി നൽകി അംഗീകരിച്ചത് അണികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. രണ്ടാം വാർഡിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം കൂടിയായ എം.എസ്. രാജേന്ദ്രനെ പരാജയപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി സജി കുളത്തുങ്കലിനെയാണ് പ്രസിഡന്റാക്കിയത്.

ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷൻ സ്ഥാനാർത്ഥി പി.ബി.ഹർഷകുമാറിന്റെ തോൽവി സി.പി.എമ്മിന് കനത്ത തിരിച്ചടിയായിരുന്നു. സുരക്ഷിത സീറ്റെന്നു കരുതിയ ഏനാത്തെ അട്ടിമറിക്ക് പിന്നിൽ പാർട്ടി പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. പ്രൊഫ. ടി.കെ.ജി നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ഹർഷകുമാർ കോൺഗ്രസിലെ സി. കൃഷ്ണകുമാറിനോട് 33 വോട്ടുകൾക്കാണ് തോറ്റത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച ഡിവിഷനാണ് ഏനാത്ത്.