തിരുവല്ല : അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവല്ല നഗരസഭയുടെ പൊതു ശ്മശാനമായ ശാന്തി കവാടം താൽക്കാലികമായി അടച്ചു. ഇന്ന് രാവിലെ മുതലാണ് താലൂക്ക് ആശുപത്രിക്ക് പിൻ വശത്തായി പ്രവർത്തിക്കുന്ന വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. തിരുവല്ല നഗരസഭ പരിധി കൂടാതെ തിരുവല്ല, മല്ലപ്പള്ളി, ചെങ്ങന്നൂർ, കുട്ടനാട് എന്നീ താലൂക്കുകളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളും പ്രത്യേക അനുമതിയോടെ ശാന്തി കവാടത്തിൽ സംസ്‌കരിക്കാറുണ്ട്. 10 ദിവസത്തേക്കാണ് ശ്മശാനം അടച്ചിടുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.