pta

വനപാലകരുടെ കസ്റ്റഡിലിരിക്കെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവ കർഷകൻ മത്തായിയുടെ കുടുംബം നീതിപുലരുന്നതിനുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ഈ ജനുവരിയിൽ ഏഴുമാസമാകും. ചിറ്റാർ കുടപ്പനയിൽ വീട്ടിൽ നിന്ന് ജൂലായ് 28ന് വൈകുന്നേരം വിളിച്ചിറക്കിക്കൊണ്ടുപോയ മത്തായിയെ വനപാലകർ എന്തു ചെയ്തെന്ന് ഉത്തരം പറയേണ്ടത് സി.ബി.ഐയാണ്. കേസ് സി.ബി.ഐ ഏറ്റെടുത്തിട്ട് നാലുമാസം കഴിഞ്ഞെങ്കിലും ക്ഷമയോടെ കാത്തിരിക്കുകയാണ് മത്തായിയുടെ ഭാര്യ ഷീബയും മക്കളും മാതാപിതാക്കളും അടങ്ങുന്ന എട്ടംഗ കുടുംബം. കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് 40 ദിവസം മൃതദേഹം കാത്തുസൂക്ഷിച്ച് സഹനസമരം നടത്തിയ ഷീബയ്‌ക്ക് സി.ബി.ഐയിൽ വിശ്വാസമുണ്ട്. ഷീബയെയും കുടുംബത്തെയും മൂന്നുതവണ ചോദ്യം ചെയ്ത സി.ബി.ഐ, വനപാലകരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കേസിന്റെ പുരോഗതിയെപ്പറ്റി മിണ്ടാതിരിക്കുന്ന സി.ബി.ഐ അന്വേഷണം എത്രനാൾ നീട്ടിക്കൊണ്ടു പോകും?. എടുത്തു പറയാവുന്ന ഒരു നടപടി മത്തായിയുമായി വനപാലകർ സഞ്ചരിച്ച ജീപ്പ് കഴിഞ്ഞ ഒക്ടോബറിൽ കസ്റ്റഡിയിലെടുത്തത് മാത്രമാണ്. സംശയ നിഴലിലായ വനപാലകർ സി.ബി.ഐ അറസ്റ്റ് ചെയ്യാതിരിക്കാൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് മാത്രമാണ് മത്തായിയുടെ കുടുംബത്തിന് ആശ്വാസമായിട്ടുള്ളത്. കേസന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ തമ്പടിച്ചിരിക്കുന്ന സി.ബി.ഐയുടെ ഭാഗത്ത് നിന്ന് പ്രത്യക്ഷമായ ഒരു നീക്കവും കാണാനില്ല.

സി.ബി.ഐയിൽ വിശ്വാസമർപ്പിച്ച്

നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്ന മത്തായിയുടെ കുടുംബം അന്വേഷണം നീണ്ടുപോകുന്നതിൽ സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ല. ശാസ്ത്രീയ പരിശോധനകളുമായി മുന്നോട്ടു പോയ സി.ബി.ഐ ഇതിനകം നൂറോളം പേരെ ചോദ്യം ചെയ്തെന്നും നിർണായക തെളിവുകൾ ശേഖരിച്ചെന്നും അഭ്യൂഹങ്ങൾ പരന്നത് കുടുംബത്തിന്റെയും ജനങ്ങളുടെയും സംശയങ്ങൾക്ക് മറുപടിയാകുന്നില്ല.

മോർച്ചറിയിൽ 40 ദിവസം സൂക്ഷിച്ചിരുന്ന മത്തായിയുടെ മൃതദേഹം സി.ബി.ഐയുടെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കണ്ട ചില പരിക്കുകൾ നിർണായകമാണെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. സി.ബി.ഐയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നാണ് മത്തായിയുടെ കുടുംബത്തിന്റെ അഭിഭാഷകനായ ജോണി കെ. ജോർജ് പറയുന്നത്. കേസ് അനന്തമായി നീണ്ടുപോകില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട നിയമപാലകർ, ഒരു കുടുംബത്തിന് നീതിനിഷേധിച്ച സംഭവപരമ്പരകളിൽ മത്തായിയുടെ മരണം കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്.

വനത്തിൽ വച്ചിരുന്ന കാമറ നശിപ്പിക്കപ്പെടുകയോ കാണാതാവുകയോ ചെയ്തെന്ന് പറയപ്പെടുന്ന ഒരു ചെറിയ സംഭവത്തിന്റെ പേരിലാണ് നാട്ടുകാർ പൊന്നു എന്നു വിളിക്കുന്ന മത്തായിയെ ജൂലായ് 28ന് വനപാലകർ വീട്ടിൽ നിന്ന് പിടിച്ചിറക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയത്. തെളിവെടുപ്പിനെന്ന പേരിൽ കുടുംബവീടായ കുടപ്പനയിലെത്തിച്ച മത്തായി കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു എന്നാണ് പുറംലോകം അറിഞ്ഞത്. മത്തായിയെ പിട‌ിച്ചു കൊണ്ടുപോയതിനും മരണത്തിനുമിടയിൽ നടന്ന ചില സംഭവങ്ങളാണ് അതൊരു കൊലപാതകമാണെന്ന് സംശയത്തിലേക്കെത്തിച്ചത്. കേസെടുക്കാതെയും അറസ്റ്റ് ചെയ്യാതെയും മത്തായിയെ മോചിപ്പിക്കാൻ വനപാലകർക്കു വേണ്ടി ഒരാൾ 75000 രൂപ ആവശ്യപ്പെട്ട്, മത്തായിയുടെ ഭാര്യ ഷീബയുടെ ഫോണിലേക്ക് വിളിച്ചതും മത്തായിയെ കസ്റ്റഡിയിലെടത്തത് സംബന്ധിച്ച് മഹസർ റിപ്പോർട്ടിലെ പൊരുത്തക്കേടുകളും മരണത്തിൽ വനപാലകരുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടിയത്. സംഭവത്തെ തുടർന്ന് വനപാലകർക്കെതിരെ മടിച്ചുമടിച്ച് കൈക്കൊണ്ട അച്ചടക്ക നടപട‌ികൾ കുടുംബത്തെയോ നാട്ടുകാരെയോ തൃപ്തരാക്കിയിട്ടില്ല. ഒരു കുടുംബത്തിന്റെ നാഥനെ ഇല്ലാതാക്കിയ ക്രൂരകൃത്യത്തിനു നിയമപരമായ ശിക്ഷ നൽകണമെന്ന നിലപാടിൽ നിന്ന് കുടുംബത്തിന് വിട്ടുവീഴ്ച ചെയ്യാനാവില്ല.

മത്തായി സംഭവം ഒരു തുടക്കമാണ്

വനസംരക്ഷണ നിയമത്തിന്റെ മറവിൽ വനപാലകർ നാട്ടുകാർക്ക് മേൽ കുതിര കയറുന്ന കാടത്തത്തിനെതിരെ ശക്തമായി പ്രതിരോധിക്കാൻ സമയമായെന്ന സന്ദേശമാണ് മത്തായിയുടെ മരണം നൽകുന്നത്. കാട്ടിൽ ഉണങ്ങിക്കിടക്കുന്ന ചുള്ളിക്കമ്പെടുക്കുന്ന പാവപ്പെട്ട കർഷകർക്കെതിരെ വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന എത്രയോ സംഭവങ്ങൾ കേരളത്തിന്റെ വനമേഖലയോടു ചേർന്ന് നടക്കുന്നു. അതേസമയം, വനംകൊള്ളക്കാരുമായും മൃഗവേട്ടക്കാരുമായി ചില വനപാലകർ ഡീൽ ഉറപ്പിക്കുന്ന കാട്ടുനീതിക്കെതിരെ പരാതിയ ഉയർന്നാലും ഉന്നത ഉദ്യോഗസ്ഥർ പ്രതികരിക്കാറില്ല.

മത്തായി മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപാണ് റാന്നി വനം ഡിവിഷനിലും കോന്നി വനം ഡിവിഷനിലും വ്യാപകമായ വനംകൊള്ള നടന്നത്. ഉന്നത വനപാലകർക്ക് വരെ അറിവുണ്ടായിരുന്നിട്ടും കേസെടുക്കാനും അന്വേഷണം നടത്താനും വൈകി. ഒടുവിൽ, അന്വേഷിക്കാനിറങ്ങിയ വനപാലകരെ അഴിമതിക്കാരും വനംകൊള്ളക്കാരുമായി ബന്ധമുള്ളവരെന്നും അപകീർത്തിപ്പെടുത്തി സസ്പെന്റ് ചെയ്ത നടപടികൾ ഉണ്ടായതും കോന്നിയിലാണ്. മൃഗവേട്ട തടഞ്ഞ ഉദ്യോഗസ്ഥരെ ഇരുട്ടി വെളുക്കും മുൻപ് ജില്ല കടത്തിയത് റാന്നിയിൽ നിന്നാണ്. കാടിന്റെ കാണാപ്പുറങ്ങളിൽ നിയമപാലകർ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ മത്തായി സംഭവത്തിലെ പ്രക്ഷോഭം ഒരു തുടക്കമാണ്.