നല്ല മരമാണ് ആൽ. അത് തണൽതരും. ശുദ്ധവായു തരും. പക്ഷേ കിളിക്കേണ്ടിടത്ത് കിളിക്കണം. അസ്ഥാനത്ത് കിളിക്കരുത്. വേണ്ടാത്തിടത്ത് ആൽ കിളിച്ചാൽ തണലാണെന്ന് കരുതരുത്. കാണുന്ന മാത്രയിൽ പിഴുതുകളയണം. വിവേകമുള്ളവർ അതുചെയ്യും. പക്ഷേ അധികൃതർ അതു ചെയ്യില്ല. സർക്കാർ കെട്ടിടങ്ങളിൽ വളരുന്ന ആൽമരങ്ങൾ തണലാണെന്ന് കരുതുന്നവരാണ് അവർ. പക്ഷികൾ കൊത്തിയിടുന്ന കായ്കളിൽ നിന്ന് കെട്ടിടത്തിൽ വളരുന്ന ആൽമരങ്ങളെ അവർ ഗൗനിക്കുകയേയില്ല. അവിടെ ജോലി ചെയ്യുന്ന ജീവനക്കാരും മൈൻഡ് ചെയ്യില്ല. അവ അവിടെ നിന്ന് വളരും. കെട്ടിടത്തിന് വിള്ളലുണ്ടാക്കും. ഭിത്തിയിലൂടെ വള‌ർന്നിറങ്ങുന്ന വേരുകൾ ഒാഫീസിലിരുന്ന് ജോലി ചെയ്യുന്നവരുടെ ഉച്ചയിൽ തൊടും.

അസ്ഥാനത്ത് ആൽ വളർന്നിട്ടും നാണമില്ലാതെ കൊണ്ടുനടക്കുന്ന സർക്കാർ ഒാഫീസുകൾ പലതുണ്ട്. അധികൃതർ ഇക്കാര്യത്തെക്കുറിച്ച് മിണ്ടില്ല. അടൂർ ജനറൽ ആശുപത്രിയിലും ഇങ്ങനെയായിരുന്നു സ്ഥിതി. ആശുപത്രിയുടെ ബഹുനില മന്ദിരത്തിന്റെ ഭിത്തികളിലും പേവാർഡും ഒാഫീസും പ്രവർത്തിക്കുന്ന കെട്ടിടത്തിലും ആൽമരങ്ങൾ സമൃദ്ധിയായി വളർന്നിരുന്നു. ആരും ഗൗനിച്ചില്ല. പക്ഷേ പുതിയതായി അധികാരത്തിലെത്തിയ അടൂർ നഗരസഭാ ചെയർമാൻ ഡി.സജി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യം എത്തിയത് ആശുപത്രിയിലാണ്. കൂടെ തൊഴിലാളികളും ഉണ്ടായിരുന്നു. ആലുകളെല്ലാം പിഴുതുമാറ്റി. വേരുകളിൽ നിന്ന് ഇനിയും കിളിർക്കാതിരിക്കാൻ മരുന്ന് തളിച്ചു. അൽപ നേരത്തെ പണി മാത്രം. ജനപ്രതിനിധികൾ വലിയ വലിയ പദ്ധതികളെക്കുറിച്ചും വലിയ വലിയ ഫണ്ടുകളെക്കുറിച്ചും മാത്രമേ സംസാരിക്കു എന്ന രീതിക്കാണ് സജി മാറ്റമുണ്ടാക്കിയത്. കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ഇതൊക്കെ. ഭാവിയിൽ ഗുരുതരമാകാവുന്ന ഇത്തരം എത്രയോ പ്രശ്നങ്ങൾ സർക്കാർ കെട്ടിടങ്ങളിലുണ്ട്. പത്തനംതിട്ട കളക്ടറേറ്റിന്റെ മേൽക്കൂരയിൽ വർഷങ്ങൾക്ക് മുമ്പ് കൂടുകൂട്ടിയ തേനീച്ചകളുടെ കാര്യംതന്നെ ഉദാഹരണം. കളക്ടറുടെ തലയ്ക്കു മുകളിലാണ് തങ്ങൾ കൂടുകൂട്ടുന്നതെന്ന് പാവം തേനീച്ചകൾക്കറിയില്ലല്ലോ. ആരും ഗൗനിച്ചുമില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ സംഗതി ഭീകരമായി. കൂട് പൊട്ടിയാൽ കളക്ടറടക്കമുള്ളവരെ തേനീച്ച ഒാടിച്ചിട്ട് കുത്തും. മുഖ്യമന്ത്രി പറഞ്ഞാൽ പോലും തേനീച്ചകൾ അടങ്ങിയിരിക്കില്ല. തേൻ കളക്ട് ചെയ്യുന്നതുകൊണ്ട് തങ്ങളും കളക്ടറാണെന്ന് അഹങ്കരിക്കുന്നവരാണ് തേനീച്ചകൾ. ഒടുവിൽ ഇടുക്കിയിൽ നിന്ന് പരിശീലനം ലഭിച്ചവരെ കൊണ്ടുവന്നാണ് തേനീച്ചക്കൂട് നീക്കം ചെയ്തത്.

പല സ്ഥലത്തും വൈദ്യുതി പോസ്റ്റുകളിൽ പടർന്ന് പന്തലിച്ച വള്ളികളുണ്ട്.. അപകടത്തിന് സാദ്ധ്യത ഏറെ.. പോസ്റ്റ് മൂടി നിൽക്കുന്ന അവ ഇന്നോ ഇന്നലെയോ വളർന്നതല്ല.. പടർന്ന് തുടങ്ങിയപ്പോഴേ പിഴുതുകളഞ്ഞാൽ പരിഹരിക്കാവുന്ന പ്രശ്നം. ഒന്ന് കുനിയേണ്ട കാര്യമേയുള്ളു. പക്ഷേ നമുക്ക് വെറുതേ കുനിഞ്ഞ് ശീലമില്ലല്ലോ. ഫണ്ടുള്ളിടത്തേ നമ്മൾ കുനിയു. കുനിയുക മാത്രമല്ല കമിഴ്ന്ന് വീഴുകയും ചെയ്യും.. കമിഴ്ന്ന് വീണും കാൽപ്പണം നേടി ശീലിച്ചുപോയവരല്ലേ നമ്മൾ..